'പി.ടി യുടെ നിലപാടുകൾ കണ്ടാണ് പഠിച്ചത്'; അതുമായി മുന്നോട്ട് പോകുമെന്ന് ഉമാ തോമസ്
|'സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും'
തൃക്കാക്കര: തൃക്കാക്കര എംഎൽഎയായി ഉമാ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പി.ടി യുടെ നിലപാടുകൾ കണ്ടാണ് പഠിച്ചിട്ടുള്ളതെന്നും അത്തരം നിലപാടുകൾ പിന്തുടർന്ന് മുന്നോട്ട് പോകുമെന്നും ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചു മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം. സ്വർണ്ണകടത്തു കേസ് വരും ദിവസങ്ങളിൽ ചർച്ച ചെയ്യാം. ഇപ്പോൾ സത്യപ്രതിജ്ഞ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
രാവിലെ 11 ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും യു ഡി എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാതോമസ് പങ്കെടുക്കും.
72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൃക്കാക്കരയിൽ മിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിൽ നടന്നത്.
ഉമാതോമസിന്റെ ഭർത്താവ് കൂടിയായ പി.ടി തോമസ് 2021 ൽ നേടിയത് 59,839 വോട്ടുകളായിരുന്നു. അന്നത്തെ ഭൂരിപക്ഷത്തിനേക്കാൾ 12,928 വോട്ടുകൾ ഇത്തവണ കൂടിയത്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. 2021 ൽ എൽ.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് തൃക്കാക്കരയിൽ നേരിടേണ്ടി വന്നത്. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. എന്നാൽ കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.