'അവരുടെ യാത്രയിൽ കൂടെയുണ്ട്, അഭിമാനത്തോടെ കൂടെ നിൽക്കുന്നു'; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ്
|'അക്ഷീണമായ സമർപ്പണവും സർഗാത്മകതയുമാണ് അവരുടെ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്'
സൈബർ ആക്രമണങ്ങളിൽ അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ് ലീജോ ഫിലിപ്. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ അച്ചുവിന്റെ ഉദ്യമങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതായും സമ്പൂർണ മനസ്സോടെയാണ് കൂടെ നിൽക്കുന്നതെന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ ലീജോ പറഞ്ഞു.
ലീജോ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്
'ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ സമ്പൂർണ മനസ്സോടെ കൂടെ നിൽക്കുന്നു. തുടക്കം മുതൽ തന്നെ ബഹുമാനപൂർവം അവർക്ക് ഞാൻ അചഞ്ചലമായ പിന്തുണ നൽകിയിട്ടുണ്ട്. അക്ഷീണമായ സമർപ്പണവും സർഗാത്മകതയുമാണ് അവരുടെ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്. അവർ നേരിടുന്ന ആരോപണങ്ങൾ അവാസ്തവമാണ്. മൂല്യവത്തായ സമീപനത്തിന്റെയും അകൃത്രിമമായ ശ്രമങ്ങളുടെയും ഫലമാണ് അച്ചുവിന്റെ വിജയങ്ങൾ. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ അവരുടെ അഭിനിവേശത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഞാനും മക്കളും പിന്തുണയ്ക്കുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണി എന്ന നിലയിൽ ആ പൈതൃകം ഉയർത്തിപ്പിടിച്ച് കുടുംബത്തിന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ട്. എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ക്ഷേമം ഉറപ്പുവരുത്താനുള്ള ശേഷി എനിക്കുണ്ട്. അച്ചുവിനുള്ള അചഞ്ചലമായ പിന്തുണ എന്നും നിലനിൽക്കും.'
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അച്ചു ഉമ്മനെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നത്. തൊഴിലിന്റെ ഭാഗമായി അച്ചു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചാണ് ഇവർക്കെതിരെ ആക്രമണമുണ്ടായിരുന്നത്. സംഭവത്തിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ അച്ചു പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ നന്ദകുമാർ ക്ഷമ ചോദിച്ചു.