ഇടതുപക്ഷത്തിന്റേത് ബി.ജെ.പിക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത രാഷ്ട്രീയം: എം.ബി രാജേഷ്
|ഷാഫി പറമ്പിലിനെ വടകരക്കാർ സുരക്ഷിതമായി പാലക്കാട്ട് എത്തിക്കുമെന്നും മന്ത്രി
ബി.ജെ.പിക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണെന്നും വിലയ്ക്കെടുക്കാൻ കഴിയാത്ത മൂന്നു ജനപ്രതിനിധികളെ പാലക്കാട് ജില്ല സംഭാവന ചെയ്യുമെന്നും മന്ത്രി എം.ബി രാജേഷ്. മീഡിയവൺ 'ദേശീയപാത'യിലാണ് മന്ത്രിയുടെ പ്രതികരണം. ഏറ്റവും ഡിമാൻറുള്ള ചരക്ക് ഇപ്പോൾ ജനപ്രതിനിധികളാണെന്നും കേരളത്തിൽനിന്ന് രണ്ടക്കം കിട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികൾ ജയിക്കുമെന്നല്ല മോദി പറയുന്നതെന്നും കോൺഗ്രസിൽനിന്ന് കിട്ടുമെന്നാണ് ആ പറയുന്നതിന് അർത്ഥമെന്നും അദ്ദേഹം പരിഹസിച്ചു. എ. വിജയരാഘവൻ, കെ. രാധാകൃഷ്ണൻ, കെ.എസ് ഹംസ എന്നിങ്ങനെ വിലയ്ക്കെടുക്കാൻ കഴിയാത്തവരെയാണ് ജില്ല സംഭാവന ചെയ്യുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ തെരഞ്ഞെടുപ്പ് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും എത്ര ഗൗരവത്തോടെയാണ് എൽഡിഎഫ് കാണുന്നതിന്റെ തെളിവാണ് സ്ഥാനാർഥി പട്ടികയെന്നും എം.ബി രാജേഷ് പറഞ്ഞു. ഇത്ര മുതിർന്ന നേതാക്കൾ പാർലമെൻറിലേക്ക് ഇതിന് മുമ്പ് മത്സരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് ജയിക്കാൻ വേണ്ടിയിട്ടുള്ള പോരാട്ടമാണെന്നും തിരിച്ചടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇടതു പക്ഷമല്ലാതെ ആര് വിജയിക്കുമെന്നും പറഞ്ഞു. സംസ്ഥാന ഭരണത്തെ വിലയിരുത്തിയാലും ഇടതു പക്ഷത്തിനാണ് മേൽക്കൈ ഉണ്ടാവുകയെന്നും അവകാശപ്പെട്ടു. ഇന്ത്യയുടെ ഭാവിയെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും മതനിരപേക്ഷ വാദികൾ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു.
ഷാഫി പറമ്പിലിനെ വടകരക്കാർ സുരക്ഷിതമായി പാലക്കാട്ട് എത്തിക്കുമെന്നും അതുപോലെ ആലപ്പുഴക്കാർ രാജസ്ഥാനിൽ ബിജെപിക്ക് സീറ്റ് കൊടുക്കാൻ അനുവദിക്കില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് എംഎൽഎയായ ഷാഫി വടകര ലോക്സഭാ മണ്ഡലത്തിലും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായ കെ.സി വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കുന്നത് സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം.