Kerala
കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി; ശബരിനാഥനെതിരെയുള്ള നടപടിയെ നിയമപരമായി നേരിടുമെന്ന് കെ. സി വേണുഗോപാൽ
Kerala

'കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി'; ശബരിനാഥനെതിരെയുള്ള നടപടിയെ നിയമപരമായി നേരിടുമെന്ന് കെ. സി വേണുഗോപാൽ

Web Desk
|
19 July 2022 9:32 AM GMT

'കേന്ദ്രത്തിൽ മോദി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്'

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശബരിനാഥന്റെ അറസ്റ്റിൽ കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതിയാണെന്ന് കെ.സി വേണുഗോപാൽ. തനിക്കറിയാവുന്ന ശബരിനാഥൻ പക്വതയോടെ പെരുമാറുന്ന ആളാണ്. കേന്ദ്രത്തിൽ മോദി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സർക്കാർ ഇല്ലാത്ത കേസുണ്ടാക്കി കോടതിയെ കൂടി കബളിപ്പിച്ചുവെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. വിമാനത്തിലെ പ്രതിഷേധക്കാരുടെ കയ്യിൽ ആയുധം ഇല്ലായിരുന്നുവെന്നും എന്നാൽ യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ ഗുരുതര തെറ്റ് ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിനാഥനെ കേസിലെ നാലാം പ്രതിയാക്കിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിറകേയാണ് ശബരീനാഥൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരീനാഥൻറെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.

Similar Posts