Kerala
K. Sudhakaran,EP Jayarajan,Sobhasurendran,Election2024,LokSabha2024,ലോക്സഭാ തെരഞ്ഞെടുപ്പ്,ഇ.പി ജയരാജന്‍,എല്‍.ഡി.എഫ്,സുധാകരനും ശോഭക്കുമെതിരെ നിയമനടപടി,
Kerala

'ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചിട്ടില്ല'; സ്ഥിരീകരിച്ച് ഇ.പി ജയരാജൻ

Web Desk
|
26 April 2024 2:26 AM GMT

'ശോഭാ സുരേന്ദ്രനും കെ.സുധാകരനും നടത്തിയത് ആസൂത്രിത ഗൂഢാലോചന, നിയമ നടപടി സ്വീകരിക്കും'

കണ്ണൂർ: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞുണ്ടാക്കിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കെ.സുധാകരനും ശോഭാ സുരേന്ദ്രനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'ശോഭയും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. മാസങ്ങൾക്ക് മുമ്പ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നു. തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. എന്നാൽ രാഷ്ട്രീയമായി ഒന്നും സംസാരിച്ചിട്ടില്ല. ജാവഡേക്കറിനൊപ്പം ടി.ജി നന്ദകുമാറും ഉണ്ടായിരുന്നു.' ഇ.പി പറഞ്ഞു.

'ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രന് തന്റെ മകൻ മെസേജ് അയച്ചിട്ടില്ല'. ഇ.പി പറഞ്ഞു.

ഇ.പി ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും കെ.സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗൾഫിൽ വച്ചുള്ള ചർച്ചയിൽ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും പങ്കെടുത്തു. ഗൾഫിൽ വെച്ചാണ് ഇ.പി ബി.ജെ. പിയുമായി ചർച്ച നടത്തിയത്. എന്നാൽ സി.പി.എം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞെന്നും സുധാകരന്‍ ആരോപിച്ചു.

ഇതിന് പിന്നാലെ ബിജെപിയിൽ ചേരാൻ ശ്രമിച്ച സിപിഎം ഉന്നത നേതാവ് ഇ.പി ജയരാജൻ ആണെന്ന് ശോഭാ സുരേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇ.പി ജയരാജന്റെ മകൻ തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നും ഇപി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്കറിയാമെന്നും ശോഭ ആരോപിക്കുന്നു. ബിജെപിയിൽ പോകുമെന്ന ആരോപണങ്ങൾ ഇപി തള്ളിയതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയത്.

പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരിലൊരാളെ വിളിച്ച് മെസ്സേജ് കാട്ടിയാണ് ശോഭ വെളിപ്പെടുത്തൽ നടത്തിയത്. പ്ലീസ് നോട്ട് മൈ നമ്പർ എന്നതാണ് മെസ്സേജ്. കഴിഞ്ഞ വർഷം ജനുവരി 18നാണ് മെസ്സേജ് അയച്ചിരിക്കുന്നതെന്നാണ് വിവരം. ഇപി ജയരാജന്റെ മകൻ ശോഭാ സുരേന്ദ്രന് മെസ്സേജ് അയയ്‌ക്കേണ്ട കാര്യമെന്താണെന്നും ഇപിയുടെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ശോഭ പറഞ്ഞു. ഇതിനെല്ലാം മറുപടിയായാണ് ഇ.പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്.


Similar Posts