'തുടക്കത്തിൽ തന്നെ പൊട്ടിയ തിരക്കഥ'; വിജേഷ് പിള്ളയെ അറിയില്ലെന്ന് എം.വി ഗോവിന്ദൻ
|'സ്വപ്‌നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും'
കൊച്ചി: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. വിജേഷ് പിള്ള എന്നൊരു ആളെ തനിക്ക് അറിയില്ല. . സ്വപ്ന പറഞ്ഞ പേര് തന്നെ തെറ്റാണ്. സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'സ്വപ്‌നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. ഞങ്ങള്‍ വളരെ ആവേശത്തിലാണ്..കേസ് കൊടുക്കാന്‍ ഒന്നല്ല,ആയിരം നട്ടെല്ലുണ്ട്. ആരും ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
' കണ്ണൂർ ജില്ലയിൽ പിള്ളമാരില്ല.എവിടെ നിന്നാണ് ഇവർക്കീ പിള്ളയെ കിട്ടിയത്? പേര് പോലും തെറ്റായിട്ടാണ് പറഞ്ഞത്. സ്വപ്നയുടെ ആരോപണത്തില്‍ പറഞ്ഞ പേരല്ല മാധ്യമങ്ങള്‍ നല്‍കിയത്. തുടക്കത്തിലേ പൊട്ടിയ തിരക്കഥയായിരുന്നു സ്വപ്‌നയുടേത്. തിരക്കഥയുണ്ടാക്കുമ്പോൾ ശക്തമായ തിരക്കഥ ഉണ്ടാക്കണം. ഇത് ജാഥയുടെ തകര്‍ക്കാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്. ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും. ഈ തിരക്കഥകൊണ്ടൊന്നും ഞങ്ങള്‍ തകരില്ല.' അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും കുടുക്കാനാണ് സ്വപ്നയുടെ പുതിയ ആരോപണമെന്ന് വിജേഷ് പിള്ള മീഡിയവണിനോട് പറഞ്ഞു. സ്വപ്ന പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണ് .കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടിട്ടില്ല . ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയെ കണ്ടത് . രാഷ്ട്രീയ നേതാക്കളുമായി ബന്ധമില്ലെന്നും താൻ ബിജെപി അനുഭാവിയാണെന്നും വിജേഷ് പിള്ള പറഞ്ഞു .
അതീവ ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്ന സുരേഷ് പുറത്തുവിട്ടു. വിജയ് പിള്ള എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരമാണ് വിജയ് പിള്ള എത്തിയതെന്നും സ്വപ്ന ആരോപിച്ചിരുന്നു.