ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം
|കന്യാസ്ത്രീയുടെ മൊഴി പോലും വിലക്കെടുക്കാതെയായിരുന്നു കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി
കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്‌തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പൊലീസിന് നിയമോപദേശം. കോട്ടയം എസ് പിക്കാണ് നിയമോപദേശം ലഭിച്ചത്. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിയമോപദേശം കൈമാറി. കൂടാതെ കന്യാസ്ത്രീ നേരിട്ടും ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫായിരിക്കും അപ്പീൽ നൽകുക.
കന്യാസ്ത്രീയുടെ മൊഴി പോലും വിലക്കെടുക്കാതെയായിരുന്നു കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന തീരുമാനത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടരും കന്യാസ്ത്രീയും ഉറച്ചു നിൽക്കുകയാണ്. വിഷയത്തിൽ സർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് പൊലീസിന്റെയും കന്യാസ്ത്രീയുടെയും തീരുമാനം.