'ബുൾഡോസർ രാജിന്റെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാകും വരെ നിയമപോരാട്ടം തുടരും': കേസിലെ പരാതിക്കാരനായ ജാവേദ് മുഹമ്മദ്
|ഭയക്കരുത് എന്ന് നിരന്തരം പറയുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ബുൾഡോസർ രാജിനെതിരെ സംസാരിക്കാൻ ഭയമാണെന്നും ജാവേദ് മുഹമ്മദ്
കോഴിക്കോട്: ബുൾഡോസർ രാജിൻ്റെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാകും വരെ നിയമപോരാട്ടം തുടരുമെന്ന് സുപ്രിംകോടതിയിൽ കേസിലെ ഹരജിക്കാരനായ ജാവേദ് മുഹമ്മദ്. 2022ല്‍ ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ചിരുന്നു.
ഭയക്കരുത് എന്ന് നിരന്തരം പറയുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ബുൾഡോസർ രാജിനെതിരെ സംസാരിക്കാൻ ഭയമാണെന്നും ജാവേദ് മുഹമ്മദ് ആരോപിച്ചു. മീഡിയവണിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
' സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു. ഇത് നേരത്തെ വരേണ്ടതായിരുന്നു. 2022ലാണ് ഒരു നോട്ടീസ് പോലും നല്‍കാതെ എന്റെ വീട് ബുള്‍ഡോസര്‍ വെച്ച് പൊളിച്ചത്. തികച്ചും നിയമവിരുദ്ധമായ പൊളിക്കലാണ് നടക്കുന്നത്. യുപി സര്‍ ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഭരണ സംവിധാനം തന്നെ അന്യായം ചെയ്താല്‍ എവിടെ നിന്ന് നീതി ലഭിക്കും'- ജാവേദ് മുഹമ്മദ് ചോദിച്ചു.
'രണ്ട് വര്‍ഷമായി ഞങ്ങളുടെ കേസ് അലഹബാദ് ഹൈക്കോടതിയിലുണ്ട്. ഇതുവരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. ഇപ്പോഴത്തെ കോടതി വിധിയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. വരും നാളുകളില്‍ ഇത്തരം അന്യായങ്ങള്‍ രാജ്യത്ത് നടക്കില്ലെന്ന് പ്രതീക്ഷിക്കാം'- വെൽഫെയർ പാർട്ടി ദേശീയ നേതാവ് കൂടിയായ ജാവേദ് മുഹമ്മദ് പറഞ്ഞു.
'ബിജെപി ഭരണം നിലനില്‍ക്കുന്നിടങ്ങളിലാണ് ബുള്‍ഡോസര്‍ രാജ് നടക്കുന്നത്. പ്രധാനമായും മുസ്‌ലിംകളുടെ വീടുകളാണ് പൊളിക്കുന്നത്. ബിജെപിക്കൊപ്പം നില്‍ക്കാത്ത ഹിന്ദുകളുടെ വീടുകളും പൊളിച്ചു നീക്കുന്നുണ്ട്. അവരെയും ജയിലിലടക്കുന്നുണ്ട്. ഇവര്‍ പറയുന്നത് രാമരാജ്യം സ്ഥാപിക്കുമെന്നാണ് , രാമ രാജ്യത്ത് നീതിയല്ലേ ഉണ്ടാവേണ്ടത് ? ഇവിടെ നീതിയില്ല , ഗുണ്ടാരാജും ബുള്‍ഡോസര്‍ രാജുമാണ് നടക്കുന്നത്. എന്നെ ജയിലിലടച്ചു. വീട് പൊളിച്ചു, ഭാര്യയേയും മകളേയും 36 മണിക്കൂര്‍ തടഞ്ഞുവെച്ചു'- ജാവേദ് മുഹമ്മദ് പറഞ്ഞു.
'സമാജ് വാദി പാർട്ടി ഞങ്ങൾക്കൊപ്പം നിന്നു. പക്ഷെ ഇന്ത്യയിലെ വലിയ പാർട്ടിയായ കോൺഗ്രസ് ഒന്നും ചെയ്തില്ല. ഇന്ത്യയിലെ മുസ്‍ലിംകൾ ഒന്നടങ്കം കോൺഗ്രസിനൊപ്പമാണെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. ഹൈദരാബാദിലെ അസദുദ്ദീൻ ഉവൈസിയും ഒരു പ്രതിനിധി സംഘത്തെ അയക്കുക പോലും ചെയ്തില്ല'- ജാവേദ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ബുൾഡോസർ രാജിനെ വിലക്കി സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിയായത് കൊണ്ട് ആരുടെയും വീട് പൊളിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അനധികൃത നിർമാണം പൊളിക്കണമെങ്കിൽ നിയമപ്രകാരം നോട്ടീസ് നൽകണം എന്നതുൾപ്പെടെ മാർഗ നിർദേശവും സുപ്രിംകോടതി പുറത്തിറക്കിയിരുന്നു.