Kerala
നിയമസഭാ
Kerala

നിയമസഭാ കയ്യാങ്കളിക്കേസ്: വിചാരണ തുടങ്ങാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

Web Desk
|
4 July 2023 7:21 AM GMT

കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങളാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ വസ്തുതകൾ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹരജിയിൽ പൊലീസ് പറയുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പോലീസ് നീക്കം.

സിപിഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കൾ പ്രതികളായ കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പൊലീസിന്റെ നീക്കമാണിതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സിപിഐയുടെ മുൻ എംഎൽഎ ആയിരുന്ന ബിജിമോൾ ഉൾപ്പടെയുള്ളവർ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ഇത് എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പോലീസ് സംഘം തന്നെ കേസിൽ പ്രതികളായ നിലവിലെ മന്ത്രിമാർക്ക് അനുകൂലമായ രീതിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത് എന്നാണ് വിമർശനം. പ്രോസിക്യൂഷൻ എതിർത്തത് പോലും വകവെക്കാതെ എന്തുകൊണ്ടാണ് പോലീസ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

Similar Posts