Kerala
നിയമസഭാ കയ്യാങ്കളി കേസ്; രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും
Kerala

നിയമസഭാ കയ്യാങ്കളി കേസ്; രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും

Web Desk
|
10 Sep 2023 3:07 AM GMT

എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ രണ്ട് കോണ്‍ഗ്രസ് മുൻ എം.എൽ.എമാരെക്കൂടി പ്രതിചേർക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം. വനിതാ എം.എൽ.എയെ കയ്യേറ്റം ചെയ്തെന്ന കുറ്റമാണ് ചുമത്തുക. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇതുവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. ഇവര്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും.ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും.

പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല. കേസില്‍ പ്രതിപക്ഷത്തെ കൂടി സമ്മർദ്ദത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഇനി കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടതിയെ സമീപിക്കേണ്ടിവരും. അതുവഴി മന്ത്രിയായ വി.ശിവൻകുട്ടി ഉള്‍പ്പെടെയുള്ളവർക്ക് കൂടുതൽ സമയം കിട്ടും. നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രവുമെന്ന വിശദീകരണമാകും സർക്കാർ നൽകുക. ഇതോടെ പുതിയ നിയമ-രാഷ്ട്രീയ പോരാട്ടമാകും നിയമസഭ കൈയാങ്കളിക്കേസിൽ ഉണ്ടാവുക.

Related Tags :
Similar Posts