മേപ്പാടിയിൽ പുലിയിറങ്ങി; അഞ്ച് മുട്ടക്കോഴികളെ കൊന്നു
|പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്
വയനാട്: മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. രാത്രി പത്തുമണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്.
നിരവധി തവണ പുലിയുടെ ആക്രമണം നടന്ന സ്ഥലമാണ് പുഞ്ചിരിമറ്റം. പുലിയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
അതിനിടെ, ജനവാസ കേന്ദ്രത്തിൽ ഭീതി വിതക്കുന്ന ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക വനാതിർത്തികളിലായിരുന്ന ബേലൂർ മഗ്ന ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പെരിക്കല്ലൂരിലെ ജനവാസകേന്ദ്രത്തിലെത്തിയത്.
കബനീ നദി കടന്നെത്തിയ കൊലയാളി കാട്ടാന മൂന്ന് മണിക്കൂർ നേരം പ്രദേശത്തെ തെങ്ങിൻതോപ്പിൽ തുടർന്നു. കാട്ടിലേക്ക് തിരികെപോയെങ്കിലും ജനവാസ കേന്ദ്രത്തിൽ ആന വിതച്ച ഭീതി അകന്നിട്ടില്ല. പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങിയ ആന, പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയിരിക്കുന്നത്.