പത്തനംതിട്ടയിൽ ജനവാസ മേഖലയിൽ നിന്നും പുലിയെ പിടികൂടി
|പുലിയുടെ ഇടതു കാലിന്റെ തുടയിൽ പരിക്കേറ്റു
പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയിൽ നിന്നും പുലിയെ പിടികൂടി. മണിക്കൂകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പരിക്കേറ്റ പുലിയെ ചികിത്സ നൽകിയ ശേഷം പുലിയെ വനത്തിലേക്ക് വിട്ടയക്കാനാണ് തീരുമാനം.ആങ്ങമുഴി സ്വദേശി സുരേഷിന്റെ പുരയിടത്തിലെ തൊഴുത്തിലാണ് അതിരാവിലെ പുലിയെ കണ്ടത്. അപ്രതീക്ഷമായി മുരൾച്ച കേട്ടെത്തിയ പ്രദേശവാസികൾ സംശയം തോന്നി നോക്കിയപ്പോൾ അവശ നിലയിൽ കിടക്കുകയായിരുന്നു പുലി.നാട്ടുകാർ വിവരമറിയച്ചത് പ്രകാരം അര മണിക്കൂറിനുള്ളിൽ വനപാലകർ സ്ഥലത്ത് എത്തി.
വല ഉപയോഗിച്ചാണ് പുലിയെ പിടികൂടാൻ നോക്കിയത്. ഇരുമ്പ് കൂട്ടിലേക്ക് മാറ്റിയ പുലിയെ പിന്നീട് റാന്നിയിലെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.ഇടതു കാലിന്റെ തുടയിലാണ് പുലിയുടെ പരിക്ക്. വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സ നൽകിയ ശേഷം പുലിയെ വനത്തിലേക്ക് തന്നെ വിട്ടയക്കുമെന്ന് റാന്നി ഡി.എഫ്.ഒ വ്യക്തമാക്കി.