വിദ്യാർഥികൾക്ക് എലിപ്പനി: അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
|പാർക്ക് താല്ക്കാലികമായി അടച്ചിടാനാണ് നിർദേശം
തൃശൂർ: അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് താൽക്കാലികമായി അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി ..പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകും.
കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിലേക്ക് വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയത്. യാത്ര കഴിഞ്ഞെത്തിയ വിദ്യാർഥികളെ പനിയും വയറിളക്കവും ഛർദിയും കലശലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുറച്ച് വിദ്യാർഥികളിൽ എലിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്.
ആലുവയിൽ മാത്രം പത്തിലധികം വിദ്യാർഥികൾ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടി. വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.