ലെസ്ബിയൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ഹേബിയസ് കോർപ്പസ്; ഇരുവർക്കും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
|തനിക്കൊപ്പം താമസിക്കാൻ താൽപര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ തടവിൽ വെച്ചിരിക്കുകയാണെന്നായിരുന്നു ആദിലയുടെ പരാതി.
എറണാകുളം: ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനി ആദില നസ്റിനെയും, കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയേയുമാണ് ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചത്. ആദിലയുടെ ആലുവയിലെ വീട്ടിൽ നിന്ന് നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയിരുന്നു. ഇതിനെതിരെ ആദില ഹേബിയസ് കോർപസ് ഹർജി നൽകിയതോടെ നൂറയെ ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആദില നസ്റിൻ കോടതിയിൽ ആവിശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാൻ താൽപര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ തടവിൽ വെച്ചിരിക്കുകയാണെന്നായിരുന്നു ആദിലയുടെ പരാതി.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന് തമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയായിരുന്നു.