പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ: സജി ചെറിയാൻ
|രാജ്യത്തെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ് എന്നും അവർ മുന്നിൽ നിൽക്കണം എന്ന് പറയുന്നതിൽ തെറ്റില്ലെന്നും മന്ത്രി
രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കർണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ തകർച്ചയുടെ തുടക്കമെന്നും ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
"കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധ സമീപനമാണ് കോൺഗ്രസിന്. എന്നിരുന്നാലും രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. അതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. പ്രതിപക്ഷ ഐക്യം സ്വാഭാവികമായും ഉണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരും. രാജ്യത്ത് ബിജെപിയുടെ തകർച്ചയുടെ തുടക്കമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് ബിജെപിക്ക്". സജി ചെറിയാൻ പറഞ്ഞു.
എന്നാൽ ബിജെപിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന അഹന്തയുമായി പോയാൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന. അങ്ങനെയായാൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നും ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം കൊണ്ടുപോയത് കോൺഗ്രസ് ആണെന്നും ഗോവിന്ദൻ പറഞ്ഞു.