ഇന്നു സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ- മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി ബൽറാം
|ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിനമാണെന്ന് അദ്ദേഹത്തെ വേദിയിലിരുത്തി ഇന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ചെന്നിത്തലയുടെ മണ്ഡലത്തിലെ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനു മറുപടിയുമായി വി.ടി ബൽറാം. ഇന്ന് തങ്ങൾക്കൊക്കെ ദുർദിനമാണെന്നും ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെയെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിനമാണെന്നായിരുന്നു അദ്ദേഹത്തെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരിഹാസം.
ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ. ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ-ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം.
ചെന്നിത്തലയുടെ മണ്ഡലത്തിലെ വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 'വരും തലമുറയ്ക്ക് കൂടിയുള്ളതാണ് വികസനപ്രവർത്തനങ്ങൾ. പാലം പൂർത്തിയായതിൽ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. പക്ഷേ, ഇന്ന് ചെന്നിത്തലയ്ക്ക് ദുർദിനമാണ്. അത് മറ്റൊരു കാര്യമാണെന്നും ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാമെന്ന് സ്വാഗതപ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
Summary: Let those who are happy today be happy, VT Balram says in reply to the Chief Minister Pinarayi Vijayan