ഫലസ്തീന്റെ കാര്യം ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും സംസാരിക്കാം -നവ്യ നായർ
|‘കലാലയങ്ങളിൽ ഇന്ന് ഒരുപാടു ജീവനുകൾ നഷ്ടമാകുന്നു’
തിരുവനന്തപുരം: ഫലസ്തീന്റെ കാര്യം നമ്മൾ ചർച്ചചെയ്യുന്ന പോലെ കേരളത്തിലെ കലാലയങ്ങളുടെ കാര്യവും കലോത്സവവേദികളിൽ സംസാരിക്കാമെന്ന് ചലച്ചിത്ര താരം നവ്യ നായർ. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
'ഫലസ്തീനിന്റെ കാര്യം ഇവിടെ പറയാതെ എവിടെ പറയും എന്ന് പറഞ്ഞതുപോലെ കേരളത്തിലെ കാര്യം വേറെ എവിടെ പറയാനാ. വയലൻസും ലഹരിയുമൊക്കെ നിറഞ്ഞ ഇന്നത്തെ സിനിമകൾ കലാലയങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ആക്രോശവും ഉപദ്രവങ്ങളും നിറഞ്ഞ സിനിമകൾ കലാലയങ്ങളിൽ പ്രതിഫലിക്കുമ്പോൾ ഒരുപാട് ജീവനുകളാണ് നഷ്ടമാകുന്നത്.
രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും അവർ ജീവനോടെ ഇരിക്കണം.
കലാലയ രാഷ്ട്രീയം വേണം. എന്നാൽ, ലഹരിക്കടിമപ്പെട്ട് അക്രമങ്ങളുടെ ഭാഗമാകുമ്പോൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് നശിക്കുന്നത്. മുമ്പ് സിനിമയിൽ ലഹരി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകർ വെറുക്കുന്ന സമീപനമായിരുന്നു. എന്നാൽ, ഇന്ന് കഞ്ചാവിനെപ്പറ്റി പറയുമ്പോൾ തന്നെ തിയറ്റിൽ വലിയ കൈയടിയാണ് ഉയരുന്നത്.
കലാ കായിക രംഗത്ത് വിദ്യാർഥികൾ സജീവമായാൽ അവർ ദുശ്ശീലങ്ങളിലേക്ക് പോകില്ല. വിദ്യാർഥികൾ ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളാകരുത്. യുക്തിയോടെ കാര്യങ്ങളെ നോക്കുന്ന തലമുറയുണ്ടാകണമെന്നും കലോത്സവങ്ങൾ സമൂഹത്തിന് വലിയ പ്രതീക്ഷയാണെന്നും നവ്യ നായർ പറഞ്ഞു.
കേരള സർവകലാശാ യുവജനോത്സവത്തിന് നേരത്തെ ഇൻതിഫാദ എന്ന പേരാണ് യൂനിയൻ നൽകിയിരുന്നത്. എന്നാൽ, ഇതിനെതിരെ പരാതി ഉയർന്നതോടെ ഈ പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ അറിയിച്ചിരുന്നു.
കൊല്ലം അഞ്ചൽ സ്വദശേി ആശിഷാണ് ഇൻതിഫാദക്കെതിരെ പരാതി നൽകിയത്. ഫലസ്തീൻ - ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിത്. അറബി പദമായ ഇൻതിഫാദ ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമായിരുന്നു പരാതിക്കാരൻ ഉന്നയിച്ചത്.
അതേസമയം, കലോത്സവങ്ങളിൽ വിദ്യാർഥികൾ രാഷ്ട്രീയം പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. ഫലസ്തീനെ ഇസ്രയേൽ ഇല്ലായ്മ ചെയ്യുമ്പോൾ ഫലസ്തീനിന് ഒപ്പം നിൽക്കേണ്ടത് യുവജനങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം, കേരള സർവകലാശാല യുവജനോത്സവ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യമർപ്പിക്കുകയും ചെയ്തു.