'എല്ലാം ഷിജു ഖാന്റെ അറിവോടെ, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു'; ശിശുക്ഷേമ സമിതിയിലെ ഒരു വിഭാഗം ജീവനക്കാര്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം
|കുട്ടിയെ ലഭിച്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതികാര നടപടി ഉണ്ടാകുമെന്നതിനാല്‍ ജീവനക്കാരുടെ പേരുവെക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായി സമിതിയിലെ ഒരു വിഭാഗം ജീവനക്കാർ. എല്ലാ കാര്യങ്ങളും ഷിജുഖാൻ അറിഞ്ഞിരുന്നെന്നും തട്ടിപ്പ് പുറത്തറിയാതിരിക്കാൻ സമിതിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ പേരിൽ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കത്ത് നല്കി.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. 2020 ഒക്ടോബര്‍ 22ന് രാത്രി പുലര്‍ച്ചെ 12.30ന് കുഞ്ഞിനെ ലഭിക്കുമ്പോള്‍ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഉപേക്ഷിച്ചുവെന്ന് പറയുന്നത് കള്ളമാണ്. ഷിജുഖാന് ഉറപ്പ് കൊടുത്തത് അനുസരിച്ചാണ് കുഞ്ഞിനെ എത്തിച്ചത്. അനുപമയുടെ അച്ഛന് ജയചന്ദ്രനടക്കം ചേര്‍ന്നാണ് രാത്രി കുട്ടിയെ കൊണ്ടുവന്നത്. നഴ്സ് ദീപാറാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. തൈക്കാട് ആശുപത്രിയിലെ രജിസ്റ്ററില്‍ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി ഡോക്ടറെക്കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു.
ഒന്നും പുറത്ത് അറിയാതിരിക്കാന്‍ സമിതിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുട്ടിയെ ലഭിച്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതികാര നടപടി ഉണ്ടാകുമെന്നതിനാല്‍ ജീവനക്കാരുടെ പേരുവെക്കുന്നില്ലെന്നും പരാതിയിലുണ്ട്.
പരാതിയുടെ പൂര്‍ണരൂപം
വിഷയം:- കേരള സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ജനറല്‍ സെക്രട്ടറി ശ്രീ. ഷിജുഖാന്റെ പങ്ക് സംബന്ധിച്ച്
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ മകന് സ.ജയചന്ദ്രന് മകള്‍ സ. അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ഉണ്ടായിരിക്കുന്ന വലിയ വിവാദം അവിടത്തെ ജീവനക്കാര്‍ എന്ന നിലയില്‍ അങ്ങയുടെ അടിയന്തര സമഗ്ര അന്വേഷണങ്ങള്‍ക്കുമായി ശ്രദ്ധയില്‍പ്പെടുത്തുന്നു. ഓരോരുത്തരുടെ പേരുകള്‍ കാണിച്ച് ഞങ്ങള്‍ക്ക് ഈ പരാതി നല്കാന് കഴിയില്ല. ആയതിനാല്‍ ആണ് ജീവനക്കാരുടെ പേരില്‍ ഈ കത്ത് നല്‍കുന്നത്.
ഇപ്പോള്‍ നടക്കുന്ന മുഴുവന്‍ വിവാദങ്ങളും ഉണ്ടാക്കി പാര്‍ട്ടിയെയും സര്‍ക്കാരിനെയും വലിയ അവമതിപ്പ് ഉണ്ടാക്കാനുള്ള കാരണം സമിതിയുടെ ജനറല്‍ സെക്രട്ടറി ശ്രീ.ഷിജൂഖാന് ജെ.എസിന്റെ തന്നിഷ്ട പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണെന്ന് ജീവനക്കാര്‍ എന്ന നിലയില്‍ അങ്ങയെ ബോധിപ്പിക്കുകയാണ്. ഇദ്ദേഹം സമിതിയില്‍ ചുമതലയില്‍ വന്ന 2020 മാര്‍ച്ച് മുതല്‍ ഇദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും തന്നിഷ്ടത്തോടും ജീവനക്കാരോടോ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടോ ആലോചിക്കാതെ പാര്‍ട്ടിയിലെ തന്റെ ഇംഗിതത്തിന് നില്ക്കുന്ന ചില നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് ചതിയില്‍പ്പെടുത്തി ചെയ്യുകയാണ്. ജീവനക്കാര്‍ എന്ന നിലയില്‍ കുറച്ച് പേര് ഒഴികെ എല്ലാ പേരെയും ഗ്രീ.ഷിജുഖാന് ശത്രുക്കളായാണ് കാണുന്നത്.
2020 ഒക്ടോബര്‍ 22ന് രാത്രി പുലര്‍ച്ചെ 12.30ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്. അത് ജനറല്‍ സെക്രട്ടറിയുടെ അടുത്തു ചേര്‍ന്ന്നില്‍ക്കുന്ന ആളുകള്‍ തന്നെ ഇപ്പോഴും പറഞ്ഞു നടന്ന് പരസ്യമാക്കിയതാണ്.
സംഭവ ദിവസങ്ങളിലൊന്നും സമിതിയിലെ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല. അമ്മത്തൊട്ടില്‍ 2002ല്‍ സ്ഥാപിച്ചിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാല്‍ സമിതിയുടെ പഴയ കെട്ടിടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍ അതിന്റെ സാങ്കേതിക ജോലികള്‍ നടന്നു കൊണ്ടിരുന്നതിനാല്‍ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹതിമായിരുന്നു. അതുകൊണ്ട് തന്നെ ഒക്ടോബര്‍ ആദ്യ വാരത്തില്‍ വന്ന ഒരു കുഞ്ഞിനെ തൊട്ടിലിന്റെ പുറത്ത് ഉപേക്ഷിച്ച നിലയിലാണ് ലഭിച്ചതും. അതുകൊണ്ട് തന്നെ അമ്മത്തൊട്ടിലില്‍ ഈ കുഞ്ഞിനെ ഉപേക്ഷിച്ചു എന്നു പറയുന്നത് വലിയ കള്ളമാണ്.
ജനറല്‍ സെക്രട്ടറി ശ്രീ ഷിജൂഖാന് മുന്‍കൂര്‍ ഉറപ്പ് കൊടുത്തതുനസരിച്ച് സ.ജയചന്ദ്രന്, ഭാര്യ സ്മിത ജെയിംസ്, പേരുര്‍ക്കടയിലെ ഒരു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 22ന് രാത്രി ഒരു കുഞ്ഞിനെ കൊണ്ടുവരികയായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപാറാണിയാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കൊണ്ടുപോയത്. തുടര്‍ന്ന് തൈക്കാട് ആശുപത്രിയിലെത്തിച്ച ഈ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റേദിവസം മലാല എന്ന പേരിട്ട് വാര്‍ത്തകളും നല്കി. അന്നേ ദിവസം 23ന് വെള്ളിയാഴ്ച മറ്റൊരു ആണ്‍കുഞ്ഞിനെയും സമിതിയില്‍ ലഭിച്ചു. ആ കുട്ടിയെയും അമ്മത്തൊട്ടിലിന്റെ മുന്‍വശത്ത് കിടത്തിപ്പോയ നിലയിലാണ് ലഭിച്ചത്. ഇവയെല്ലാം സമിതിയിലെ ഷിജൂഖാന്റെ ഉറ്റ അനുയായിയായ സൂപ്രണ്ട് ശ്രീമതി. ഷീബയ്ക്ക് വ്യക്തമായി അറിയാം.
എം.എസ്.ഡബ്ല്യു വിദ്യാഭ്യാസ യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഓഫീസറുടെ ചുമതലയും ശ്രീ.ഷിജുഖാന് ബിരുദം മാത്രമുള്ള ഷീബയ്ക്കാണ് നല്‍കിയിരിക്കുന്നത്. ശ്രീമതി ഷീബ തന്നെയാണ് പിറ്റെ ദിവസം ആണ്-പെണ് വിവാദമായപ്പോള്‍ ജനറല്‍ സെക്രട്ടറി പറഞ്ഞതനുസരിച്ച് തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയായി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി.ടിക്കറ്റ് വാങ്ങിച്ചതും.
പാര്‍ട്ടി നേതാവായ ജയചന്ദ്രന് എന്ന പിതാവ് തന്റെ മകളുടെ കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ മാതാവിന്റെ അനുവാദം ഇല്ലാതെ ഉപേക്ഷിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഭാവിയില്‍ വിവാദം ഉണ്ടാകുമെന്ന് അറിയിച്ച് സഖാവ് ജയചന്ദ്രനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാമായിരുന്നു. മറിച്ച് ശ്രീ.ഷിജുഖാന് രക്ഷാകര്‍ത്താക്കളെ പ്രോല്‍സാഹിപ്പിച്ച് വിവാദമാക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
അനുപമ എന്ന മാതാവ് പാര്‍ട്ടിക്കുകൂടി വേണ്ടപ്പെട്ടവള്‍ ആയിരിക്കെ ടിയാളും ഭര്‍ത്താവും കുഞ്ഞിനെ ആവശ്യപ്പെട്ടു ഷിജൂഖാന്റെ അടുത്തുവന്നതിനുശേഷം ഇത്രയും ധൃതി കാണിച്ച് ദത്തെടുക്കല്‍ നടപടികള്‍ നടത്തി ആന്ധ്രാപ്രദേശ് ദമ്പതികള്‍ക്ക് എന്തിന് ദത്ത് നല്കി എന്ന് പാര്‍ട്ടിയും സര്‍ക്കാരും വിശദമായി അന്വേഷിക്കണം. ഇതെല്ലാം വ്യക്തമായി അറിയാവുന്ന അവിടത്തെ മുതിര്‍ന്ന ജീവനക്കാര്‍ ഉണ്ട്. അവരില്‍ ചിലര്‍ ഷിജുഖാനോട് ഈ കാര്യങ്ങള്‍ ഇപ്രകാരം അനധികൃതമായി ചെയ്യരുത് എന്നു പറഞ്ഞിട്ടുള്ളതാണ്. അവരെയെല്ലാം ആ സ്ഥാനത്ത് നിന്ന് മാറ്റി സ.ഷിജുഖാന് താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ചില ഉദ്യോഗസ്ഥരെ ആ സ്ഥാനത്ത് നിയമിക്കുകയാണ് പിന്നീട് ചെയ്തത്.
ശ്രീമതി അനുപമ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 2020 ഒക്ടോബര്‍ 23നു ലഭിച്ച പെലെ എഡിസണ് എന്ന കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കൊടുത്ത് അമ്മയെ കബളിപ്പിച്ചത് വിശദമായി അന്വേഷിക്കണം.
ഈ നിയമ ലംഘനങ്ങള്‍ എല്ലാം ജനറല്‍ സെക്രട്ടറി ശ്രീ.ഷിജുഖാനും തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സുനന്ദയും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. ഇതും സര്‍ക്കാരും പാര്‍ട്ടിയും സമഗ്രമായി അന്വേഷിക്കണം. ശ്രീ.ഷിജൂഖാന് സമിതിയിലെ സൂപ്രണ്ട് ശ്രീമതി ഷീബയും ചേര്‍ന്നാണ് സമിതിയില്‍ ഇത്തരം അതിക്രൂരമായ സംഭവങ്ങള്‍ നടത്തിയത്.
ഇപ്പോള്‍ എല്ലാ വിഷയങ്ങളും പുറത്ത് വന്നപ്പോള്‍ നിരപരാധിയായ കുറച്ച് ജീവനക്കാരെ ശ്രീ.ഷിജൂഖാനും അദ്ദേഹത്തിന്റെ അടുപ്പക്കാരും ചേര്‍ന്ന് വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുട്ടിയെ ലഭിച്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ഈ ദിവസങ്ങളിലെ സമിതിയിലെ മുഴുവന്‍ സി.സിടി.വി ദൃശ്യങ്ങളും ഇവര്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്.
ആയതിനാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാരും പാര്‍ട്ടിയും ഈ വിഷയത്തില്‍ ഇടപെട്ട് ശ്രീ.ഷിജൂഖാന് ഇനിയും ശിശുക്ഷേമ സമിതിയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജന മദ്ധ്യത്തില്‍ അനാഥകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തേയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതികൂട്ടിലാക്കുന്നത് തടയണമെന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
ജീവനക്കാര്‍ (സംസ്ഥാന ശിശുക്ഷേമസമിതി)