കത്ത് വിവാദം: അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്
|നഗരസഭാ ജീവനക്കാരിൽ ഇനി മൊഴി എടുക്കേണ്ടവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്
തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് എസ്.പിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി സ്ഥലത്ത് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിലാകും റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുക. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കണമെന്ന റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഡിജിപിക്ക് നൽകുക. അതിനിടെ വിജിലൻസ് ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. നഗരസഭാ ജീവനക്കാരിൽ ഇനി മൊഴി എടുക്കേണ്ടവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിലിന്റെ മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്. മേയര്‍ ആര്യാരാജേന്ദ്രന്‍റെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് ഡി.ആർ അനിലിന്റെ മൊഴി.
അതേസമയം, കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും. കത്ത് വ്യാജമാണന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. നഗരസഭയിലെ കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുറ്റക്കാരെ വെള്ളപൂശാനാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.