തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സി.പി.എം
|വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികൾ വിജിലൻസ് ഇന്ന് രേഖപ്പെടുത്തി
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സി.പി.എം. ബിജെപിയുടെ സമരത്തെ നേരിടാൻ പാർട്ടി ബദൽ പ്രചാരണം നടത്തും. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നിയമന വിവാദത്തെ നേരിടാൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിൽ ധാരണയായത്.
അതേസമയം, കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാർഡായ മുടവൻമുകളിൽ യുഡിഎഫ് സത്യഗ്രഹം നടത്തി. കൗൺസിലർമാരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഡിസിസി പ്രസിഡന്റ് പാലോട് രവി സമരം ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് സമരം വ്യാപിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികൾ വിജിലൻസ് ഇന്ന് രേഖപ്പെടുത്തി. ഉച്ചയ്ക്ക് വീട്ടിലെത്തിയാണ് മേയറുടെ മൊഴിയെടുത്തത്. നേരത്തെ ക്രൈംബ്രാഞ്ചും ഇരുവരുടെയും മൊഴിയെടുത്തിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ മെഡിക്കൽ കോളേജ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ എത്തിയാണ് അന്വേഷണസംഘം ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തത്. കത്ത് താൻ കണ്ടിട്ടില്ലെന്നും നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് പാർട്ടിക്ക് കത്ത് ലഭിക്കാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. വ്യാഴാഴ്ച മൊഴിയെടുപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് അന്വേഷണ സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആനാവുരിന്റെ മറുപടി.
അതേസമയം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന മീഡിയവൺ വാർത്ത ആനാവൂർ നാഗപ്പൻ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് മൊഴി നൽകിയത്. ബാക്കി കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. വ്യാജക്കത്താണെന്ന് മേയർ തന്നെ സ്ഥിരീകരിച്ചതാണ്. മാധ്യമങ്ങൾ എങ്ങനെ വ്യാഖ്യാനിക്കും എന്നറിയില്ല. പാർട്ടി അന്വേഷണ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനാവൂരിനെ കൂടാതെ മേയർ ആര്യാ രാജേന്ദ്രൻ, രണ്ട് ജീവനക്കാർ എന്നിവരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിൻറെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്. അതിനുശേഷം രണ്ട് ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് അന്വേഷണസംഘത്തിൻറെ നീക്കം. ഇതിനിടെ വിജിലൻസ് അന്വേഷണും ആരംഭിച്ചു. പരാതിക്കാരനായ കോൺഗ്രസ് മുൻ കൗൺസിലർ ശ്രീകുമാറിൻറെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിവാദത്തിൽ മേയറെ സംരക്ഷിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം. അന്വേഷണം അതിൻറെ വഴിക്ക് നടക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം കത്തുവിവാദത്തിനിടെ സി.പി.എം ജില്ലാ നേതൃയോഗങ്ങൾക്കു ഇന്ന് തുടക്കമാവും. ഇന്ന് സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ചേരും. വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ധൃതി പിടിച്ച് നടപടിയിലേക്ക് പോകേണ്ട എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ദിശ നോക്കി തീരുമാനമെടുക്കാമെന്നുമാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ.
Letter Controversy in Thiruvananthapuram Municipality; CPM is ready for political defense