ലൈഫ് മിഷൻ കോഴ കേസ്; എം.ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി
|കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെകോടതിയിൽ ഹാജരാക്കി. കലൂർ കോടതിയിലാണ് ശിശങ്കറിനെ ഹാജരാക്കിയത്. കേസിലെ അഞ്ചാംപ്രതിയാണ് ശിവശങ്കർ. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ. ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇ ഡി ഇന്ന് കോടതിയിൽ സമർപ്പിക്കും.
നീണ്ട ചോദ്യം ചെയ്യലിന്നൊടുവിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കറിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. ലോക്കറിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് എം ശിവ ശങ്കറിന്റെ അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴ പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. അതിനാൽ കുറ്റസമ്മത മൊഴിയില്ലാതെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്. കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിനെ പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണ്. ഇതിന്റെ രേഖകളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ആറ് പ്രതികളുള്ള കേസിൽ അഞ്ചാമത്തെ പ്രതിയാണ് ശിവശങ്കർ. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തുന്നത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ ഇന്ന് തന്നെ ഇ ഡി കോടതിയിൽ സമർപ്പിക്കും. ഇതുവരെയുള്ള ചോദ്യം ചെയ്യലിനോട് ശിവശങ്കർ നിസഹരിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് ഇ ഡിയുടെ നിലപാട്.