Kerala
ED has attached properties of Swapna Suresh and Santosh Eapan
Kerala

ലൈഫ് മിഷൻ കേസ്: യുഎഇ കോണ്‍സുൽ ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

Web Desk
|
22 May 2023 8:34 AM GMT

കൈക്കൂലി ആയി ലഭിച്ച പണവുമായി ഈജിപ്ഷ്യൻ പൗരൻ വിദേശത്തേക്ക് കടന്നതിനാൽ മൊഴി എടുക്കാനായില്ലെന്നാണ് ഇഡി കുറ്റപത്രത്തിൽ നൽകിയ വിശദീകരണം

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യ ആസൂത്രകനായ യു.എ.ഇ കോണ്‍സുൽ ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്റെ മൊഴി രേഖപ്പെടുത്താതെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി. കൈക്കൂലി ആയി ലഭിച്ച 3.8 കോടിയിൽ 2.8 കോടിരൂപയുമായി ഈജിപ്ഷ്യൻ പൗരൻ വിദേശത്തേക്ക് കടന്നതിനാൽ മൊഴി എടുക്കാനായില്ലെന്നാണ് ഇഡി കുറ്റപത്രത്തിൽ നൽകിയ വിശദീകരണം.

ലൈഫ് മിഷൻ കരാറിൽ യുഎഇ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് യൂണിടാക്കുമായി ചർച്ചകൾ നടത്തിയിരുന്നത് കോണ്‍‌സുലേറ്റിലെ ഫിനാൻസ് ഹെഡായി പ്രവർത്തിച്ച ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. സ്വപ്നയോടൊപ്പം പലചർച്ചകളിലും പങ്കെടുത്തത് ഖാലിദാണെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. 3.80 കോടി രൂപ ഡോളറായി സ്വപ്നയ്ക്ക് കൈമാറിയപ്പോൾ ഖാലിദും കൂടെയുണ്ടെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. ഖാലിദിന്റെ പങ്ക് കൃത്യമായി തന്നെ കേസിലെ പ്രതികൾ പറഞ്ഞിട്ടും ഇയാളുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ വിശദീകരണം.

കേസിൽ പ്രധാന പ്രതിയായ ഖാലിദിന്റെ മൊഴി ഇല്ലാതെയാണ് ലൈഫ് മിഷൻ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചത്. 2019 ആഗസ്ത് ഏഴിന് ഖാലിദ് ഇന്ത്യവിട്ടെന്നും അതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് വിശദീകരണം. കോഴ ആയി ലഭിച്ച 3.8 കോടി രൂപയിൽ 2,79,50,000 രൂപ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

ലൈഫ് മിഷൻ കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പലരെയും ഇഡി ചോദ്യം ചെയ്തപ്പോൾ മുഖ്യ സൂത്രധാരനായ കോണ്‍സുൽ ജീവനക്കാരനെ ചോദ്യം ചെയ്യാനാകാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.

Similar Posts