ലൈഫ് മിഷൻ കേസ്; വേണുഗോപാലിന് ഇ ഡി നോട്ടീസ്
|ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷൻ കേസിൽ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിന് ഇ ഡി നോട്ടീസ്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സ്വപ്നയ്ക്കായി ലോക്കർ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിർദ്ദേശം നൽകിയതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
ശിവശങ്കറിന്‍റെ നിസഹകരണത്തെ മറികടക്കാനാണ് വേണുഗോപാലിനോട് കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യംചെയ്യൽ ഇന്നും തുടരും. ഇന്നലെ അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ലൈഫ് മിഷൻ കരാർ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതിൽ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കർ എന്നാണ് ഇ.ഡിയുടെ റിപ്പോർട്ട്. എന്നാൽ ചോദ്യംചെയ്യലിൽ ഇതുവരെയും ശിവശങ്കർ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30ഓടെ ശിവശങ്കറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. വൈദ്യപരിശോധന ഒന്നരമണിക്കൂർ നീണ്ടുനിന്നു.
ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ചോദ്യംചെയ്യലിന് ചില മാനദണ്ഡങ്ങള്‍ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയിൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ വൈദ്യസഹായം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങൾ. അന്വേഷണത്തോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടത്.
ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റിൽ നിർണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യംചെയ്യൽ.
കേസിൽ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവർക്ക് നൽകിയത്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേർത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.