പരിശോധന ഒഴിവാക്കാൻ ബാർ ഉടമകളിൽ നിന്ന് കൈക്കൂലി; എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
|കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്സൈസ് ഓഫീസർമാർക്ക് പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി പണം നൽകുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ കോക്ടെയിൽ' എന്ന പേരിലാണ് പരിശോധന. ഓണക്കാലത്ത് പരിശോധന ഒഴിവാക്കാൻ കള്ളുഷാപ്പ്, ബാർ ഉടമകളിൽ നിന്ന് വിവിധയിടങ്ങളിൽ കൈക്കൂലി വാങ്ങുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ ഒരേസമയം വിജിലൻസ് പരിശോധന തുടങ്ങിയത്. പതിനാല് ജില്ലകളിലെ എല്ലാ ഡിവിഷൻ ഓഫീസുകളിലും ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ഓണക്കാലത്ത് അനധികൃതമായി സംസ്ഥാനത്ത് സ്പിരിറ്റും കണക്കിൽപ്പെടാത്ത മദ്യവും എത്തുന്നു. ഈ ഒരു സാഹചര്യത്തിൽ കള്ളുഷാപ്പ് ഉടമകളും ബാറുടമകളും എക്സൈസ് ഓഫീസർമാർക്ക് പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി പണം നൽകുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരിശോധനക്കിടെ ചിലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.