പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും
|ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ
കോട്ടയം: ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും. പ്രഖ്യാപനം ഇന്നുണ്ടാകും.
യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ലിജിൻ ലാൽ. 2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. പുതുപ്പള്ളി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് മഞ്ജു പ്രദീപിന്റെ പേരും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലാണ് ചാണ്ടി ഉമ്മൻ. പഞ്ചായത്തുതലത്തിലുള്ള പ്രചാരണയോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. എം.എൽ.എമാരും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ ക്യാംപ് ചെയ്താണു പ്രചാരണം ഏകോപിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗത്തിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾ ഉയർത്തിയാണ് യു.ഡി.എഫ് പ്രചാരണം.
കഴിഞ്ഞ ദിവസത്തോടെ ജെയ്ക്ക് സി. തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് ക്യാംപും പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ മണർകാട് മുതൽ വാകത്താനം വരെ റോഡ് ഷോ നടത്തിയായിരുന്നു ജെയ്ക്കിന്റെ തുടക്കം. 16ന് എൽ.ഡി.എഫ് കൺവഷനും 17ന് പത്രികാ സമർപ്പണവും നടക്കുമെന്നാണു വിവരം.
Summary: Lijin Lal may become NDA candidate in Puthuppally