പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മുരുഗ മഠാധിപതി അറസ്റ്റിൽ
|മഠത്തിന് കീഴിലെ സെമിനാരിയിൽ വിദ്യാർത്ഥികളായിരുന്നു ഇവർ
ബംഗളൂരു: പ്രായപൂർത്തിയെത്താത്ത രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി അറസ്റ്റിലായ ഇദ്ദേഹത്തെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശരനരുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയായിരുന്നു അറസ്റ്റ്.
പോക്‌സോ, പട്ടിക ജാതി-പട്ടിക വര്‍ഗ നിയമങ്ങള്‍ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്. 15 ഉം 16 ഉം വയസുള്ള പെൺകുട്ടികളെ 2019 ജനുവരി മുതൽ 2022 ജൂൺ വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. മഠത്തിന് കീഴിലെ സെമിനാരിയിൽ വിദ്യാർത്ഥികളായിരുന്നു ഇവർ. ശരനരു ചേംബറിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി എന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. ആരോപണങ്ങൾ ശരനരു നിഷേധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് പിന്തുണയുമായി ബിജെപിയിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.
പീഡനത്തിന് ഇരയായ ഒരാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാള്‍ ആയതു കൊണ്ടാണ് പട്ടിക ജാതി-പട്ടിക വർഗ നിയമപ്രകാരം കേസെടുത്തത്. കേസിൽ മൊത്തം അഞ്ചു പ്രതികളാണുള്ളത്. രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലിംഗായത്ത് സമുദായത്തിലെ പ്രധാന മഠമാണ് ചിത്രദുർഗ നഗരത്തിലെ മുരുഗ മഠ്. 150ലേറെ ആത്മീയ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഠത്തിന് കീഴിലുണ്ട്. സംസ്ഥാന ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾക്ക് രണ്ടായിരത്തോളം മഠങ്ങളാണ് കർണാടകയിലുള്ളത്.