Kerala
Bar License
Kerala

ഐ.ടി പാർക്കുകളിൽ മദ്യശാല തുടങ്ങുന്നതിന് നിയമസഭാ സമിതിയുടെ അംഗീകാരം

Web Desk
|
23 May 2024 6:33 AM GMT

സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.

തിരുവനന്തപുരം: ഐ.ടി പാർക്കുകളിൽ മദ്യശാല തുടങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം നടപടികൾ ആരംഭിക്കും. പ്രതിപക്ഷ എം.എൽ.എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം.

ഐ.ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനമാണ്. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.ബാബുവുമാണ് പ്രധാനമായും എതിർപ്പ് ഉന്നയിച്ചത്. ടെക്‌നോപാർക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും വിവിധ കമ്പനികൾ ഉണ്ട്. എല്ലാവർക്കും ലൈസൻസ് നൽകിയാൽ കേരളത്തിൽ മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനവിമർശനം. ഇതിന്റെ പശ്ചാതലത്തിലാണ് വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. പ്രതിപക്ഷ വിമർശനം മറികടന്നാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.

ക്ലബ്ബുകൾക്കുള്ള ലൈസൻസാവും ഇവിടെയും നൽകുക. ഫീസ് 20 ലക്ഷം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. പ്രവർത്തന സമയം രാവിലെ 11 മണി മുതൽ രാത്രി 11 വരെയായിരിക്കും. ഐ.ടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നൽകും. ബിയറും വൈനും വിദേശമദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറവില്പന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.

Watch Video Report


Similar Posts