ആറുമാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
|മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയയാളാണ് ബിജു
കൊല്ലം: ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാണ് ജീവനൊടുക്കിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകായിരുന്നു. ആറു മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു.
മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയയാളാണ് ബിജു. 20 വർഷമായി സാക്ഷരത പ്രേരകായി പ്രവർത്തിച്ചുവരികയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംഘടനയുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 80 ദിവസം പിന്നിടുന്നതിനിടെയാണ് ആത്മഹത്യ.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിനാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാർ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Summary: E.S Bijumon, a native of Kollam Pathanapuram, who was a Literacy Prerak, committed suicide because of pending of salary