അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി
|ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്
കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതർ അറിയിച്ചു.
തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പർ അങ്കണവാടിയിൽ നിന്ന് ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലാണ് അരുൺ ഭവനിൽ ശാന്ത കുമാരിയ്ക്ക് നൽകിയത്. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അമൃതം പൊടി ഏപ്രിൽ മാസം നൽകിയില്ല. കഴിഞ്ഞ ദിവസം മകൾക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. പരിശോധനകൾക്കായി സാബിൾ ശേഖരിച്ചതായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ അറിയിച്ചു.
കരുനാഗപ്പള്ളി തഴവയിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റില് നിന്നാണ് അമൃതം പൊടി വിതരണത്തിനായി എത്തിച്ചത്. ഇവിടെ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൊട്ടാരക്കര നഗരസഭ പരിധിയിലെ അങ്കണവാടികളിൽ വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. കല്ലുവാതുക്കൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ച കഴിയുമ്പോഴാണ് നഗരസഭ പരിധിയിലെ മറ്റൊരു അങ്കണവാടിയിൽ നിന്നും നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത്.