എൽ.ജെ.ഡി വിമതനേതാക്കൾ ഇന്ന് സി.പി.എമ്മുമായി ചർച്ച നടത്തും
|ഐഎൻഎൽ പിളർപ്പിൽ സ്വീകരിച്ച അതേ നിലപാട് തന്നെ ഇക്കാര്യത്തിലും സിപിഎം സ്വീകരിക്കാനാണ് സാധ്യത
ലോക് താന്ത്രിക് ജനതാദൾ വിമത നേതാക്കൾ, സിപിഎം നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഷേഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവരടങ്ങിയ വിമത പക്ഷത്തിന്റെ നിലപാട്. നാളെത്തോടെ നേതൃത്വം മാറിയില്ലെങ്കിൽ പാർട്ടി പിളരുമെന്ന കാര്യവും നേതാക്കൾ അറിയിക്കും. എന്നാൽ ഐഎൻഎൽ പിളർപ്പിൽ സ്വീകരിച്ച അതേ നിലപാട് തന്നെ ഇക്കാര്യത്തിലും സിപിഎം സ്വീകരിക്കാനാണ് സാധ്യത.
അതിനിടെ, എൽ ജെ ഡി സംസ്ഥാന ഭാരവാഹി യോഗം നാളെ ചേരും. നാളെ വരെയാണ് അധ്യക്ഷ പദവി രാജി വെക്കാനുള്ള സമയം വിമതർ ശ്രേയാംസിന് നൽകിയിരിക്കുന്നത്. വിമത നീക്കം നടത്തിയ ഷേഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കുമെതിരെ നാളെ ചേരുന്ന യോഗത്തിൽ ശ്രേയാംസ് വിഭാഗം നടപടി സ്വീകരിക്കും. ഇരുവരെയും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കാനാണ് ആലോചിക്കുന്നത്. സമാന്തര യോഗത്തിൽ പങ്കെടുത്ത അങ്കത്തിൽ അജയകുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജേഷ് പ്രേമിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയേക്കും.. ഇവർക്കൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരം,ആലപ്പുഴ ,മലപ്പുറം ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകില്ല. 11 ജില്ലാ കമ്മറ്റികളും ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ടെന്നാണ് ശ്രേയാംസ് വിഭാഗത്തിന്റെ അവകാശ വാദം. യോഗത്തിനു ശേഷം വിശദവിവരമടങ്ങിയ റിപ്പോർട്ട് ദേശീയ അധ്യക്ഷൻ ശരത് യാദവിന് നൽകും. കോഴിക്കോട് നാളെ രാവിലെ 10 മണിക്ക് സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യം ചേരുക. ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ അധ്യക്ഷൻമാരുടെ യോഗവും ചേരും.
ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി എൽജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. 20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാനുമായിരുന്നു യോഗം തീരുമാനം. സംസ്ഥാന നേതൃയോഗം വിളിച്ചിട്ട് ഒമ്പത് മാസമായിട്ടും സംസ്ഥാന പ്രസിഡന്റ് യോഗം വിളിക്കാൻ തയ്യാറായില്ല നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും നടന്നിട്ടില്ല. എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല മുന്നണി വിടാനുള്ള തീരുമാനം എടുത്ത യോഗത്തിൽ തീരുമാനിച്ച ഒന്നും നടപ്പാക്കിയില്ലെന്നും യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഷെയ്ഖ് പി ഹാരിസ് പറഞ്ഞിരുന്നു.
''കൽപറ്റ സീറ്റിന് വേണ്ടി പ്രസിഡന്റ് നിർബന്ധം പിടിച്ചപ്പോഴാണ് നൽകാമെന്ന് പറഞ്ഞ സീറ്റ് സി.പി.എം വെട്ടിക്കുറച്ചത്. പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. സംസ്ഥാന പ്രസിഡന്റ് രാജിവെക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു. ജനാധിപത്യമില്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. വർഗീസ് ജോർജിനോട് ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂവെന്ന കേന്ദ്ര നിർദേശവും പാലിക്കപ്പെട്ടില്ല'' ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
അതേസമയം സമാന്തര യോഗം ചേർന്നവർക്ക് സ്ഥാനമാനങ്ങളോട് ആർത്തിയെന്ന് ശ്രേയംസ് വിഭാഗം പ്രതികരിച്ചു. വിലപേശലിനുള്ള തന്ത്രമാണ് ഈ യോഗം. 20 ന് കോഴിക്കോട് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഷെയ്ക്ക് പി ഹാരിസ് മനപൂർവ്വം ഉത്തരവാദിത്വം മറക്കുന്നു. എൽ ഡി എഫ് യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നത് ഷെയ്ഖ് പി ഹാരിസ് ആണെന്നും ഔദ്യോഗിക പക്ഷം വ്യക്തമാക്കി.
എന്നാൽ പാർട്ടി പിളരില്ലെന്നും താൻ ഒരു വിഭാഗീയ പ്രവർത്തനവും നടത്തിയിട്ടില്ലെന്നുമാണ് എൽജെഡി വിമത വിഭാഗത്തിന് മറുപടിയായി പാർട്ടി അധ്യക്ഷൻ എം.വി ശ്രേയംസ് കുമാർ പറഞ്ഞത്. പ്രസിഡൻറ് സ്ഥാനമൊഴിയണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലിലാണ്. അത് ഒരു വിഭാഗം തീരുമാനിക്കേണ്ട കാര്യമല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞിരുന്നു. ''76 പേരുള്ള സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പേർ മാത്രമാണ് വിമത യോഗത്തിനെത്തിയത് വിമതർ എന്തിന് പോകുന്നുവെന്ന അറിയില്ല. അവരുടെ ആവശ്യങ്ങൾ ഇപ്പോൾ അംഗീകരിക്കാനാവില്ല. കൂടുതൽ ഘടകകക്ഷികൾ വന്നതിനാൽ കൂടുതൽ സീറ്റ് നൽകാനാവില്ലെന്ന് എൽഡിഎഫ് അറിയിച്ചിരുന്നു. നാല് സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടില്ല. സീറ്റ് ചർച്ചയിൽ പങ്കെടുത്ത ആൾ തന്നെ ആരോപണമുന്നയിക്കുന്നത് വിരോധാഭാസമാണ്''. ശ്രേയാംസ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പാർട്ടി ഏകകണ്ഠേനയാണ് സ്ഥാനാർഥിയാക്കിയതാണ്. ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ല.വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 2 തവണ സംസ്ഥാനകമ്മിറ്റി ചേർന്നിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ 20ന് ചേരുന്ന യോഗത്തിൽ പറയുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.