കവളപ്പാറ ദുരിതബാധിതരുടെ നഷ്ടപരിഹാര തുകയിൽ നിന്ന് വായ്പാ തുക പിടിച്ചത് പ്രത്യേകം പരിശോധിക്കും- മന്ത്രി കെ.രാജൻ
|കവളപ്പാറ സ്വദേശിനിയായ തങ്കമണിയാണ് മന്ത്രിയോട് തന്റെ ദുരനുഭവം മീഡിയവണിലൂടെ പങ്കുവെച്ചത്
കോഴിക്കോട്: മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ലഭിച്ച സർക്കാര്‍ നഷ്ടപരിഹാരത്തിൽ നിന്ന് ബാങ്ക് ജപ്തി വായ്പാ തുക പിടിച്ച സംഭവം പ്രത്യേകമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കവളപ്പാറ സ്വദേശിനിയായ തങ്കമണിയാണ് മന്ത്രിയോട് തന്റെ ദുരനുഭവം മീഡിയവണിലൂടെ പങ്കുവെച്ചത്. പത്ത് ലക്ഷം രൂപയായിരുന്നു കവളപ്പാറയിലെ ദുരിതബാധിതകർക്ക് സർക്കാർ നഷ്ടപരിഹാരമായി ലഭിച്ചത്. ഇതില്‍ നിന്നാണ് ബാങ്ക് വായ്പാ തുക പിടിച്ചത്. കവളപ്പാറയിലെ നിരവധി പേര്‍ക്ക് സമാനമായ അനുഭവമുണ്ടായതായും തങ്കമണി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കവളപ്പാറയിലെ ദുരിതബാധിതർക്ക് നേരത്തെ എടുത്ത വായ്പകളുടെ പേരിൽ ജപ്തി നോട്ടീസുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലിൽ ഒലിച്ച് പോയ ഭൂമിക്ക് പോലും ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ച് കൊണ്ടിരിക്കുകയാണ്. ഭൂമി പൂർണമായും നഷ്ടപ്പെട്ടവരുടെ നേരെ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ഗുണകരമായ കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
തണ്ടൻകല്ല് കോളനിയിലെ പുനരധിവാസ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇതിനായി ഒരുമാസത്തിനകം പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 2018 ലെ പ്രളയത്തിൽ എല്ലാം തകർന്ന തണ്ടൻ കല്ല് ആദിവാസി ഊരിൽ താമസിച്ചിരുന്ന 31 ആദിവാസി കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല. താൽക്കാലികമായി മുണ്ടേരിയിലെ കൃഷി വകുപ്പിന്റെ ഫാമിലെ ക്വട്ടേഴ്സിലാണ് താമസിപ്പിച്ചത് . 6 വർഷമായി ചോർന്ന് ഒലിക്കുന്ന ക്വട്ടേഴ്സിലാണ് ഇവരുടെ ജീവിതം. വൈദ്യുതി പോലും എത്തിച്ച് നൽകിയിട്ടില്ല.