Kerala
The central governments halving of the loan limit will exacerbate Keralas financial crisis
Kerala

വായ്പാ പരിധി കേന്ദ്രം പകുതിയാക്കി; സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും

Web Desk
|
27 May 2023 1:37 AM GMT

വായ്പയെടുക്കാവുന്ന തുക കൂടി ചേർത്താണ് ബജറ്റും പദ്ധതികളും തയ്യാറാക്കിയത്. ഇതു കുറയുന്നതോടെ വരുമാനത്തിലും ഇടിവുണ്ടാകും

തിരുവനന്തപുരം: വായ്പാ പരിധി കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഈ സാമ്പത്തിക വർഷം 2,000 കോടി രൂപ ഇതിനോടകം കടമെടുത്ത കേരളത്തിന് ഇനി കിട്ടുക 13,000-ത്തോളം കോടി രൂപ മാത്രം.

ജിഎസ്ഡിപിയുടെ മൂന്ന് ശതമാന പ്രകാരം 32,440 കോടി രൂപ കടമെടുപ്പ് പരിധി നിശ്ചയിച്ചെങ്കിലും കേരളത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചത് 15,590 കോടി രൂപ മാത്രമാണ്. അതായത് അർഹതപ്പെട്ടതിന്റെ പകുതി. ഈ സാമ്പത്തിക വർഷമാദ്യം കടമെടുത്ത രണ്ടായിരം കോടി രൂപ കുറച്ചാൽ ബാക്കി വെറും 13,390 കോടി രൂപ. വായ്പാ പരിധി പകുതിയായി വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമ പെൻഷനായി രൂപീകരിച്ച കമ്പനി എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കിൽ പോലും കഴിഞ്ഞ തവണ അനുവദിച്ച തുക പോലും ഇത്തവണ സംസ്ഥാനത്തിന് കിട്ടിയിട്ടില്ല.

വായ്പയെടുക്കാവുന്ന തുക കൂടി ചേർത്താണ് ബജറ്റും പദ്ധതികളും തയ്യാറാക്കിയത്. ഇതു കുറയുന്നതോടെ വരുമാനത്തിലും ഇടിവുണ്ടാകും. ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തോടെയുണ്ടായ ഡി.എ എല്ലാം കുടിശികയാണ്. ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടി പണമുണ്ടാക്കുന്ന ധനവകുപ്പിനെ കേന്ദ്ര നിലപാട് കൂടുതൽ നിയന്ത്രണങ്ങൾക്കും ചെലവ് ചുരുക്കലിനും പ്രേരിപ്പിക്കുമെന്നാണ് സൂചന.


The central government's halving of the loan limit will exacerbate Kerala's financial crisis

Similar Posts