ഉപാധികളില്ലാതെ വായ്പ; മാനന്തവാടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ പേരിൽ ചൈനീസ് വായ്പാ ആപ്പ് തട്ടിപ്പ്
|വായ്പ നൽകാനുള്ള സന്ദേശത്തിന് പുറമെ ദിവസേന 5000 രൂപ മുതൽ ലഭിക്കുന്ന ജോലിയുണ്ടെന്ന തരത്തിലും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
വയനാട്: മാനന്തവാടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ പേരിൽ ചൈനീസ് വായ്പാ ആപ്പ് തട്ടിപ്പ്. ഫോണിലെ വ്യക്തിവിവരങ്ങൾ ആപ്പ് വഴി ചോർത്തിയെടുക്കുന്നുണ്ട്. തട്ടിപ്പിനിരയായതായോ പണം നഷ്ടപ്പെട്ടതായോ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു
ഉപാധികളില്ലാതെ ഉടൻ വായ്പ ലഭിക്കുമെന്ന രീതിയിൽ ബാങ്കിന്റെ പേരിൽ വ്യക്തികളുടെ മൊബൈൽ ഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളോടെയാണ് തട്ടിപ്പിന്റെ തുടക്കം. മൊബൈൽ സന്ദേശത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചൈനീസ് വായ്പാ ആപ്പിന്റെ സെർവറിലേക്കാണ് എത്തുക. തുടർന്ന് പണം പിൻവലിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കും.
ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം ഫോണിലുള്ള കോൺടാക്ടുകൾ, ഫോട്ടോ, വീഡിയോ, എസ്.എം.എസുകൾ തുടങ്ങിയ ഫോണിലെ സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കൈയിലെത്തും. മാനന്തവാടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പേരിൽ നിരവധിപേർക്ക് സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.
മലയാളിയായ നന്ദകിഷോർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയായ ടെക്‌നിസാൻക്ട് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്.
ഒറ്റനോട്ടത്തിൽ ഇന്ത്യയിലെ ഐ.പി അഡ്രസുകളായി തോന്നുമെങ്കിലും ചൈനീസ് സേവനദാതാവായ ആലീബാബ ക്ലൗഡിലേക്കാണ് ഇത്തരം തട്ടിപ്പ് ആപ്പുകളുടെ ഐ.പി നയിക്കുന്നത്. വായ്പ നൽകാനുള്ള സന്ദേശത്തിന് പുറമെ ദിവസേന 5000 രൂപ മുതൽ ലഭിക്കുന്ന ജോലിയുണ്ടെന്ന തരത്തിലും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.