തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, കൊച്ചിയിൽ നിർണായകം
|ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ.
സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ. 75 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.
എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. കോര്‍പറേഷന്‍ 63ാം ഡിവിഷന്‍ ഗാന്ധി നഗറിലും പിറവത്ത് 14ാം ഡിവിഷന്‍ ഇടപ്പളളിച്ചിറയിലുമാണ് വോട്ടെടുപ്പ് നടന്നത്. മുൻ കൗൺസിലർ കെ.കെ ശിവന്റെ മരണത്തോടെയാണ് കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗറില്‍ വോട്ടെടുപ്പ് നടന്നത്. ശിവന്റെ ഭാര്യയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു ശിവനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പി.ഡി മാർട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാര്‍ഥി പി.ജി മനോജ്‌കുമാറും വലിയ രീതിയിലാണ് ഡിവിഷനില്‍ പ്രചാരണം നടത്തിയത്.
മൂന്ന് പതിറ്റാണ്ടായി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ചുവന്നിരുന്ന ഇവിടെ കഴിഞ്ഞ തവണ 115 വോട്ടിന് മാത്രമായിരുന്നു യു.ഡി.എഫ് തോൽവി. ഈ മുന്നേറ്റത്തിലാണ് യു.ഡി.എഫ് പ്രതീക്ഷ. 74 അംഗ കൗൺസിലിൽ നേരിയ ഭൂരിപക്ഷത്തോടെയാണ് കോര്‍പ്പറേഷന്‍ എൽ.ഡി.എഫ് ഭരിക്കുന്നത്.
നാല് സ്വതന്ത്രരുടെ പിന്തുണയോടെ നിലവിൽ 36ആണ് എൽ.ഡി.എഫ് സീറ്റ് നില. രണ്ട് സ്വതന്ത്രരടക്കം യു.ഡി.എഫിന് 34 ഉം, ബി.ജെ.പിക്ക് 4ഉം അംഗങ്ങളുണ്ട്. സിറ്റിംഗ് സീറ്റ് നഷ്ടമായാൽ സ്വതന്ത്രര്‍ക്ക് മേൽ യു.ഡി.എഫ് സമ്മര്‍ദം ശക്തമാക്കുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്.
പിറവത്തും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടിന്റെ മരണത്തോടെയാണ് വോട്ടെടുപ്പ് നടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. അജേഷ് മനോഹറും യു.ഡി.എഫ് സ്ഥാനാര്‍ഥി അരുൺ കല്ലറക്കലും തമ്മിലായിരുന്നു കടുത്ത മത്സരം. പരമാവധി വോട്ടുറപ്പിച്ചെന്ന വിശ്വാസത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി വിനോദും. 27 ഡിവിഷനുളള നഗരസഭയിൽ എല്‍.ഡി.എഫിന് 14, യു.ഡി.എഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില. യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ എല്‍.ഡി.എഫിന് ഭരണം തന്നെ നഷ്ടമാകും.