തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേൽക്കൈ; യു.ഡി.എഫ് 9, എല്‍.ഡി.എഫ് 7
|സീറ്റുകള്‍ നിലനിര്‍ത്തിയും പിടിച്ചെടുത്തും മുന്നണികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേൽക്കൈ. ഒൻപതിടത്ത് യു.ഡി.എഫ് വിജയിച്ചു. ഏഴിടത്ത് എൽ.ഡി.എഫ് ജയിച്ചു. കൊല്ലം ആദിച്ചനലൂരിൽ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.
കൊല്ലത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 2 വാർഡുകളിൽ ഒന്നില്‍ സി.പി.എമ്മും ഒന്നില്‍ ബി.ജെ.പിയും വിജയിച്ചു. ആലപ്പുഴയിലെ തലവടി പഞ്ചായത്ത് 13ആം വാർഡിൽ സി.പി.എം സ്ഥാനാർഥി വിജയിച്ചു. എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 4 പഞ്ചായത്ത് വാർഡുകളിലും യു.ഡി.എഫാണ് വിജയിച്ചത്.
തൃശൂരിലെ മാടക്കത്തറ പഞ്ചായത്ത് 15ആം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബ്ലോക്ക് ഡിവിഷനും മൂന്ന് ഗ്രാമ പഞ്ചായത്ത് വാർഡുകളും യു.ഡി.എഫ് നിലനിർത്തി.
പാലക്കാട് പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എൽ.ഡി.എഫ് നിലനിർത്തി. കോഴിക്കോട് വേളം പാലോടിക്കുന്ന് വാർഡ് യു.ഡി.എഫ് നിലനിർത്തി. കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും സി.പി.എം നിലനിർത്തി.