തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; ഒമ്പത് സീറ്റുകൾ പിടിച്ചെടുത്തു
|എൽഡിഎഫ് 12 സീറ്റ് നേടിയപ്പോൾ ബിജെപി രണ്ടിൽ ഒതുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. 29 വാർഡിൽ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകള്‍ നേടി. എൽഡിഎഫ് 12 സീറ്റ് നേടിയപ്പോൾ ബിജെപി രണ്ടിൽ ഒതുങ്ങി. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
തിരുവനന്തപുരം:-
പഴയകുന്നുമ്മേൽ മഞ്ഞപ്പാറ (12) വാർഡിൽ 45 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ എം ജെ ഷൈജ വിജയിച്ചു. കരകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഇ എല്‍ബറി വിജയിച്ചു. 103 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയെ എൽബറി പരാജയപ്പെടുത്തിയത്.
കൊല്ലം:-
പേരയം പഞ്ചായത്തിലെ പത്താം വാർഡ് യുഡിഎഫ് നിലനിർത്തി. ലതാകുമാരി – (യുഡിഎഫ് 474), പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി.
പത്തനംതിട്ട:-
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കെമ്പങ്കേരി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി അനീഷ് 220 വോട്ടിന് വിജയിച്ചു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി മായ അനിൽകുമാർ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥിയെ 1750 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.
ആലപ്പുഴ:-
ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി തോറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലായിരുന്നു.കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ടയാളാണ് ജോസ് വല്യാനൂർ. കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാതെ അയോഗ്യനായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു. പാലമേൽ പഞ്ചായത്ത് 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു. എഴുപുന്ന പഞ്ചായത്ത് നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി.
ഇടുക്കി:-
ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി. കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ്എൽഡിഎഫ് നിലനിർത്തി.
എറണാകുളം:-
കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും. പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു. പറവൂർ മുനിസിപ്പൽ വാർഡ് ബിജെപിയിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ.
തൃശൂർ:- വടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാർഡാണിത്. കോൺഗ്രസ് സ്ഥാനാർഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.
പാലക്കാട്:-
കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരൻ 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിനെ തോൽപിച്ചത്. അട്ടപ്പാടി പുതൂർ പഞ്ചായത്ത് കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു.
മലപ്പുറം:-
മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കോഴിക്കോട്:-
കിഴക്കോത്ത് പഞ്ചായത്തിലെ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ എളേറ്റിൽ വട്ടോളി ഒന്നാം വാർഡ് 17 വർഷത്തിനുശേഷം അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കി.യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ എം.എം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണിയൂർ 13–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എ. ശശിധരൻ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. തുറയൂർ പഞ്ചായത്ത് പയ്യോളി അങ്ങാടി രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ലീഗിലെ സി.എ. നൗഷാദ് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വയനാട്:-
കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ് എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് നേടി . മുസ്ലിം ലീഗിലെ റഷീദ് കമ്മിച്ചാൽ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ പ്രവീൺ കുമാറിനെ 208 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മേൽക്കൈ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചും പ്രവർത്തകരെ അഭിനന്ദിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. യു ഡി എഫിൻ്റെ ഉജ്ജ്വല വിജയം എല്‍ ഡി എഫിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം കാത്തിരുന്ന് നല്കിയ മറുപടിയാണെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന യു ഡി എഫ് 15 സീറ്റുകളിലേക്കാണ് കുതിച്ചത്. സി.പി.എമ്മില്‍ നിന്ന് ഏഴും ബി.ജെ.പിയില്‍ നിന്ന് രണ്ടും സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തുവെന്നും സതീശൻ ചൂണ്ടികാട്ടി.