Kerala
LDF

LDF

Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടി; ആറു സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി

Web Desk
|
1 March 2023 8:03 AM GMT

28 തദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് നേട്ടമുണ്ടാക്കിയത്

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടി. 6 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. 5 സീറ്റുകള്‍ യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. 13 സീറ്റുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.

28 തദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് നേട്ടമുണ്ടാക്കിയത്. എല്‍.ഡി.എഫില്‍ നിന്ന് കൊല്ലം കോര്‍പ്പറേഷന്‍ ഡിവിഷന്‍ ഉള്‍പ്പടെ 5 സീറ്റുകള്‍ പിടിച്ചെടുത്ത യു.ഡി.എഫ് അട്ടിമറി ജയത്തോടെ കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുകയും ചെയ്തു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കക്കറമുക്ക് വാര്‍ഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കൊല്ലം കോര്‍പ്പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ ആര്‍.എസ്.പിയുടെ ദീപു ഗംഗാധരന്‍ ജയിച്ചു. 638 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ യു.ഡി.എഫിന്റെ അട്ടിമറിജയം. പാലക്കാട് തൃത്താല പഞ്ചായത്തിലെ നാലാം വാര്‍ഡിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. എല്‍.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റില്‍ 256 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു.

മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു.ഡി.എഫിനാണ് ജയം. ഇവിടെ മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥി പി.എം അലി 7794 വോട്ടുകൾക്ക് വിജയിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. പത്തനംതിട്ട കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ അട്ടിമറി ജയം നേടി. എൻ.ഡി.എ സ്ഥാനാർഥി രാമചന്ദ്രനാണ് എല്‍.ഡി.എഫിന്റെ വാര്‍ഡ് പിടിച്ചെടുത്തത്.

കോട്ടയത്ത് 4 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും 2 വീതം സീറ്റുകള്‍ നേടി. ഇവിടെ യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്ന് ഒരു സീറ്റ് തിരിച്ചുപിടിച്ചു. പാലാ കടപ്ലാമറ്റം പഞ്ചായത്തിലെ 12ആം വാര്‍ഡ് കേരള കോണ്‍ഗ്രസില്‍ നിന്നാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

പാലക്കാട് വെള്ളിനേഴി, കടമ്പഴിപ്പുറം പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. തിരുവനന്തപുരം കടയ്ക്കാവൂരില്‍ മാത്രമാണ് യു.ഡി.എഫ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. സി.പി.എമ്മിലെ കെ.സി അജിത 189 വോട്ടിനാണ് ജയിച്ചത്.

Similar Posts