Kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിന്‍റെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിന്‍റെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി

Web Desk
|
18 May 2022 5:36 AM GMT

സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി

എറണാകുളം: തൃപ്പുണിത്തുറ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തു. ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് തിരിച്ചടി. അതേസമയം, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഭരണമാറ്റമുണ്ടാവില്ല.

42 വാർഡുകളിലേക്കുള്ള തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് മുന്നേറ്റം. 18 ഇടത്ത് എല്‍.ഡി.എഫ് വിജയിച്ചു. ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തുടുത്തു. കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറിൽ അഞ്ചിടത്തും എൽ.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്നും രണ്ടും, ബി.ജെ.പിയിൽനിന്ന് ഒരു വാർഡും പിടിച്ചെടുത്തു. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി.

മലപ്പുറം ജില്ലയിൽ മൂന്നിൽ രണ്ടിടത്ത് യു.ഡി.എഫിന് ജയം. ആലംകോട് പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ വള്ളിക്കുന്ന് യു.ഡി.എഫ് സിറ്റിങ്ങ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എവിടെയും ഭരണമാറ്റമില്ല. കോട്ടയം ഏറ്റുമാനൂർ നഗരസഭ 35ാം വാർഡ് ബി.ജെ.പി നിലനിർത്തി. ബി.ജെ.പിയിലെ സുരേഷ് ആർ. നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതോടെ ഭരണത്തിൽ എത്താനുള്ള ഇടത് സാധ്യതയില്ലാതായി.

കണ്ണൂര്‍ ജില്ലയില്‍ ആറ് തദ്ദേശവാര്‍ഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒരിടത്തും അട്ടിമറി നടന്നിട്ടില്ല. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്ന ഫലമാണിത്. കക്കാട് സിറ്റിങ്ങ് സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തി. ഇവിടെ ഭൂരിപക്ഷം നിലനിര്‍ത്താനായത് അഭിമാനകരമായ നേട്ടമായി.

ഇടുക്കിയിൽ മൂന്നിടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. അയപ്പൻകോവിലിൽ എൽ.ഡി. എഫും ഇടമലക്കുടിയിൽ ബി.ജെ.പി.യും സീറ്റ് നില നിർത്തിയപ്പോൾ ഉടുമ്പന്നൂരിൽ യു.ഡി.എഫിൻ്റെ സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ്. പിടിച്ചെടുത്തു.

Related Tags :
Similar Posts