‘ഒരു വീട്ടിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി, ബാക്കി വീടുകളിലും ഇതുപോലെയുണ്ടാകും’
|സൈന്യം വന്നാലല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് നാട്ടുകാർ
കൽപ്പറ്റ: വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് ചൂരൽമലയിലെ പ്രദേശവാസികൾ പറയുന്നു. ‘സംഭവം നടന്ന സമയത്ത് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. സമീപത്തെ പറമ്പിലൂടെ കയറിയാണ് വന്നത്. എല്ലായിടത്തും വലിയ വെള്ളമായിരുന്നു. ആളുകളുണ്ടോ എന്ന് കാണാൻ പോലും കഴിയാത്ത അവസ്ഥ. വലിയൊരു ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്.
വീടുകളിൽ ആളുകളുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇപ്പോൾ ഒരു വീട്ടിൽനിന്ന് നാല് മൃതദേഹങ്ങൾ കിട്ടി. ഇനിയും ബാക്കിയുള്ള വീടുകളിൽ ഇതുപോലെ ആളുകളുണ്ടാകും. പുഴ ഗതിമാറി ഒഴുകി എല്ലാം തകർത്തു’ -ഒരാൾ പറഞ്ഞു.
വനപ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ടുപ്രാവശ്യമായിട്ടാണ് സംഭവം ഉണ്ടാകുന്നത്. അവിടെ രണ്ടുഭാഗത്തായി ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. അങ്ങോട്ട് എത്തിപ്പെടാൻ സാധിക്കുന്നില്ല.
സൈന്യം വന്നാലല്ലാതെ ഒന്നും ചെയ്യാനാകില്ല. ഞങ്ങൾ കാട് വഴി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആളുകളെ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.