കരിപ്പൂര് ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാർ; ഭൂമി വിട്ടുകൊടുക്കില്ലെന്ന് തീരുമാനം
|തീരുമാനം ഏകപക്ഷീയമെന്നും ഭൂമി വിട്ട് കൊടുക്കില്ലെന്നും കാലിക്കറ്റ് എയർപോർട്ട് ആന്റി എവിക്ഷൻ ഫോറം
കരിപ്പൂർ വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സ്വകാര്യവത്കരണത്തിന്റെ ഭാഗമെന്ന് പ്രദേശവാസികളുടെ കൂട്ടായ്മ. തീരുമാനം ഏകപക്ഷീയമെന്നും ഭൂമി വിട്ട് കൊടുക്കില്ലെന്നും കാലിക്കറ്റ് എയർപോർട്ട് ആന്റി എവിക്ഷൻ ഫോറം.
കരിപ്പൂർ വിമാനത്താവളവുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂമി വരെ ഏറ്റെടുക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇത് സ്വകാര്യ ലോബിക്ക് വേണ്ടിയാണെന്നുമാണ് ഭൂമിയേറ്റെടുക്കലിനെതിരെ രൂപീകരിച്ച കൂട്ടായ്മയുടെ ആരോപണം .നിലവിൽ വിമാനത്താവളത്തിന്റെ ഭാഗമായ ഭൂമി ഫലപ്രദമായി വിനിയോഗിച്ചാൽ തന്നെ വികസനം സാധ്യമാകുമെന്നും പ്രദേശവാസികളുടെ കൂട്ടായ്മ പറയുന്നു.
കരിപ്പൂരിന്റെ തുടർ വികസന സാധ്യതകളെ കുറിച്ചും അതുവഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക - സാമൂഹികാഘാതത്തെ കുറിച്ചും പഠനം നടത്തണം. അശാസ്ത്രീയവും അനാവശ്യവുമായ വികസനത്തിനാണ് നിലവിൽ നീക്കമെന്നും അതിനായി ഭൂമി വിട്ടു നൽകാൻ സാധ്യമല്ലെന്നുമാണ് കാലിക്കറ്റ് എയർപോർട്ട് ആന്റി എവിക്ഷൻ ഫോറം നിലപാട് . കഴിഞ്ഞ ദിവസം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത വിമാനത്താവള വികസന സമിതി യോഗത്തിലാണ് വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് .