ലോക്ക്ഡൌണിലെ യാത്ര: പോലീസ് പാസ്സിന് ഓണ്‍ലൈനില്‍ ഇന്നു മുതല്‍ അപേക്ഷിക്കാം
|വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.
സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകീട്ട് നിലവില്‍ വരും. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല.
വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. എന്നാല്‍ പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.
അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.