Kerala
ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
Kerala

ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Web Desk
|
4 Aug 2021 6:50 AM GMT

ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ല

സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപിച്ചു. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം ഉണ്ടായാൽ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തും. ആഴ്ചയില്‍ ആറു ദിവസം കടകൾ തുറക്കാം. രാവിലെ ഏഴു മുതൽ ഒമ്പതു വരെയാണ് പ്രവര്‍ത്തനാനുമതി.

പൊതുപരിപാടികൾ പാടില്ല. കല്ല്യാണത്തിനും മരണത്തിനും 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാകും. ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ല.

കടകളിൽ സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കണം പ്രവേശനം. ഇത്​ സംബന്ധിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളും സംയുക്തമായി യോഗം നടത്തണം. കടകൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ്​ വാക്​സിനെങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ ഫലം ലഭിച്ച​വരോ ആയിരിക്കണം. അതല്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ കോവിഡ്​ ബാധിച്ച്​ രോഗമുക്തി നേടിയവരോ ആയിരിക്കുന്നതാണ് അഭികാമ്യം. ഇതിനോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നൽകാനാണ്​ ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

രോഗ നിയന്ത്രണത്തിന് സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയകരമാണെന്നും ജനങ്ങൾ നല്ല സഹകരണം നൽകുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു. മുഴുവൻ പേർക്കും വാക്സിൻ നൽകുകയാണ് നിലവിലെ ലക്ഷ്യം. 1.47 കോടി പേർക്ക് ആദ്യ ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസും നല്‍കി. 60 ലക്ഷം വാക്സിൻ ഈ മാസം ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസിനു മുകളിലുള്ളവർക്ക് നിശ്ചിത തീയതിക്കുള്ളിൽ വാക്സിന്‍ നൽകും. അതേസമയം, സംസ്ഥാനത്ത് 56 ശതമാനം പേർക്ക് ഇപ്പോഴും രോഗം ബാധിച്ചിട്ടില്ലെന്നും മൂന്നാം തരംഗത്തിൻ്റെ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts