ശനിയും ഞായറും ലോക്ഡൗണിന് തുല്യം, അവശ്യയാത്രക്ക് സത്യവാങ്മൂലം കരുതണം: മുഖ്യമന്ത്രി
|ദീർഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതണം
നാളെയും മറ്റന്നാളും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിവസങ്ങളിൽ വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താമെന്നും അദ്ദേഹം അറിയിച്ചു. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേരേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.
ദീർഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം. പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപനക്കാർ മാസ്ക് ധരിക്കണം. ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ മടങ്ങണം. കൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താനും കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
പരമാവധി ആളുകൾക്ക് വാക്സീൻ നൽകുന്നതാണ് മികച്ച പ്രതിരോധം. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീൻ നൽകും. വിവിധ പ്രായക്കാർക്കു വിവിധ സമയം അനുവദിക്കും. പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവർക്കു മുൻഗണന നൽകും. വാക്സീൻ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.