ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തിൽ പ്രചാരണം മുറുകി
|പ്രചാരണ വിഷയങ്ങൾ മാറിമാറി വരുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ മുൻപന്തിയിൽ പൗരത്വ നിയമഭേദഗതിയാണ്
തിരുവനന്തപുരം: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ പ്രചാരണം മുറുകി. തൃശൂർ പൂരത്തിന് സമാനമായ പൂരത്തിനാണ് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ തിരികൊളുത്തിയത്. ഇനിയുള്ള നാളുകൾ വെടിക്കെട്ടിന്റെയും കുടമാറ്റത്തിന്റെയും രാഷ്ട്രീയ കാഴ്ചകളും ചർച്ചകളും.. ബാക്കിയുള്ളത് 40 ദിവസങ്ങൾ... വാക്കുകളും, നേതാക്കന്മാരുടെ ശരീരഭാഷയും അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാകുന്ന ദിവസങ്ങൾ.. ഒറ്റ വാചകം കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ കഴിയുന്ന നേതാക്കളുള്ള കേരളത്തിലെ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോട് കൂടിയാണ് ഉറ്റ് നോക്കുന്നത്.
പ്രചാരണ വിഷയങ്ങൾ മാറിമാറി വരുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ മുൻപന്തിയിൽ പൗരത്വ നിയമഭേദഗതിയാണ്. നിയമം നടപ്പാക്കില്ലെന്ന് സർക്കാരും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫും പറയുമ്പോൾ, സിഎഎയിൽ അധികം തൊടാതെയാണ് ബിജെപിയുടെ പ്രചരണ രീതി.
സിഎഎ വിരുദ്ധ പോരാട്ടത്തിൽ ഉസൈൻ ബോൾട്ടിനെ പോലും പിന്നിലാക്കുന്ന വേഗത്തിലാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഓട്ടം. ഇതിൽ ആര് ചാമ്പ്യൻമാരാകുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിന് ജൂൺ നാലുവരെ കാത്തിരിക്കേണ്ടിവരും. സിഎഎ ഉയർത്തിയാൽ തുടക്കത്തിലെ പിഴക്കുമെന്ന് ബോധ്യമുള്ള ബിജെപി അതിനെ തൊട്ടിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളുടെ മലവെള്ളപ്പാച്ചിൽ ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാത്ത പ്രതിപക്ഷ നിലപാടിനെ ചോദ്യം ചെയ്യുന്ന സർക്കാരിനെയും എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണ വിഷയം ഉയർത്തുന്ന പ്രതിപക്ഷത്തെയും തെരഞ്ഞെടുപ്പിൽ കാണാം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 28ന്. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്. നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ മെയ് 13നും അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ഒഡീഷയിൽ നാല് ഘട്ടങ്ങളായും (മെയ് 13, മെയ് 20, മെയ് 25, ജൂൺ ഒന്ന് ) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും.
97 കോടി വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.