ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ
|പകരക്കാരനായി കെ. ജയന്തിന്റെ പേര് നിർദേശിച്ചതിനെതിരെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. പകരക്കാരനായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ. ജയന്തിന്റെ പേരാണ് നിർദേശിച്ചിട്ടുള്ളത്.
അതേസമയം, കെ. ജയന്ത് മത്സരിക്കുന്നതിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും എതിർപ്പറിയിച്ചതായാണ് വിവരം. ജയന്തിന് വിജയസാധ്യതയില്ലെന്ന് ഇരുവരും സുധാകരനെ അറിയിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാൻഡിന് വിടാനാണ് സാധ്യത.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമികഘട്ട ചർച്ചകൾ ഇന്നലെ രാത്രി വൈകിയും തലസ്ഥാനത്ത് നടന്നിരുന്നു. താൻ മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തേക്ക് ഇല്ലെന്ന് പറയുന്നത്. കൂടാതെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും കണ്ണൂരിലെ സ്ഥാനാർഥിത്വവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാർച്ച് രണ്ടിനുള്ളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചേർന്ന് സ്ഥാനാർഥികളെ ഡൽഹിയിൽ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് ഇന്ന് നടക്കുക.