ലോക് സഭാ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്
|സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പിലൂടെ സംഘ്പരിവാറിനെ താഴെയിറക്കണം. പ്രതിപക്ഷ ഐക്യം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വാട്ടർലൂ ആകും ഈ തെരഞ്ഞെടുപ്പ്. സവർണ ഹിന്ദുത്വ രാജ്യം നിർമിക്കാനാന് ആർ.എസ്.എസ് ശ്രമം.
കേരളത്തിൽ പ്രധാനമായും മത്സര രംഗത്തുള്ളത് യു.ഡി.എഫും എൽ.ഡി.എഫുമാണ്. രണ്ട് മുന്നണികളും ഇൻഡ്യാ മുന്നണിയുടെ ഭാഗമാണ്. കോൺഗ്രസാണ് ഇൻഡ്യാ മുന്നണി രൂപീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്. കൂടുതൽ സീറ്റുള്ള കക്ഷിയായി കോൺഗ്രസ് വന്നാൽ മാത്രമാണ് ഇന്ത്യയിൽ പ്രതിപക്ഷമുന്നണിക്ക് ഭരണം രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളുവെന്നും റസാഖ് പാലേരി പറഞ്ഞു.ഗുജറാത്തിലെ പോലെ മണിപ്പൂരിൽ ക്രൈസ്തവ ഉന്മൂലനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ,സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷഫീഖ് എന്നിവർ പങ്കെടുത്തു.