ലോകായുക്ത: മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐക്ക് എതിർപ്പ് രേഖപ്പെടുത്താമായിരുന്നു- കോടിയേരി
|പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല, ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി
ലോകായുക്ത വിഷയത്തിൽ സി.പി.ഐ ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിൽ ചർച്ച ചെയ്തപ്പോൾ സി.പി.ഐ ക്ക് എതിർപ്പ് രേഖപ്പെടുത്താമായിരുന്നെന്ന് കോടിയേരി പറഞ്ഞു. പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. സി പി ഐ യുമായി ചർച്ച ചെയ്യും. ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. ഓർഡിനൻസ് ഗവർണറുടെ പരിഗണനയിലാണ്. ബിന്ദുവിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് മനസിലായി. മന്ത്രി തെറ്റ് ചെയ്തില്ലെന്ന് കോടതി തന്നെ പറഞ്ഞെന്നും കോടിയേരി വ്യക്തമാക്കി. ഗവർണറും സർക്കാരുമായി ഒരു തർക്കവുമില്ല. നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ഗവർണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല. കോവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ അനുമതി നിഷേധിച്ചു എന്നത് തെറ്റാണ്. വിഷയം കേന്ദ്രത്തിന്റെ പരിഗണനയിലാണ് ഉള്ളത്. ഇപ്പോഴുള്ളത് രാഷ്ട്രീയ എതിർപ്പ് മാത്രമാണ്. ബി ജെ പി യും കോൺഗ്രസും എതിർക്കുന്നു. സി പി ഐയ്ക്ക് ഒരു എതിർപ്പും ഇല്ല. ആശങ്കയുണ്ടാകാമെങ്കിലും സി പി എമ്മിനെ എതിർപ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകായുക്ത ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സപിഐ എക്‌സിക്യൂട്ടീവ് അംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴത്തെ ഭേദഗതി ഒഴിവാക്കണമെന്നും ലോകായുക്ത വിധിക്കെതിരെ സർക്കാരിന് അപ്പീൽ പോകാമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നുമായിരുന്നു സിപിഐ ആവശ്യം. ഭേദഗതിയെ പിന്തുണച്ചതിൽ എക്‌സിക്യൂട്ടീവ് യോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരെ വിമർശനവുമുയർന്നിരുന്നു. സിൽവർ ലൈൻ പദ്ധതി ജനങ്ങളോട് യുദ്ധം ചെയ്ത് നടപ്പാക്കേണ്ടെന്നും യോഗം വ്യക്തമാക്കിയിരുന്നു.
ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കിയില്ലെന്നുമായിരുന്നു കാനത്തിന്റെ നിലപാട്.