ലോകായുക്ത ഓർഡിനൻസ്; സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
|ലോകയുക്തയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള നിയമോപദേശം എ ജി സർക്കാരിന് നൽകിയത് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച ദിവസം തന്നെയായിരുന്നു
ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കൂടിയാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. നാളെ ഗവർണറെ കണ്ട് ഓർഡിനൻസിൽ ഒപ്പ് വെക്കരുതെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടേക്കും. എന്നാൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത അധികാരം കേരളത്തിലും ലോകായുക്തയ്ക്ക് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് ഭരണപക്ഷം.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ പരാതികൾ ലോകായുക്തയ്ക്ക് മുന്നിൽ ഉള്ളതിനാൽ തങ്ങളുടെ വാദങ്ങൾ ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെടുമെന്നും യു.ഡി.എഫ് കരുതുന്നുണ്ട്. അതിനാലാണ് ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയത്. ഗവർണറെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. സർക്കാരുമായി വി സി നിയമനത്തിൽ ഇടഞ്ഞ് നിന്ന ഗവർണർ കഴിഞ്ഞ ദിവസമാണ് അയഞ്ഞത്.അതിനാൽ ഗവർണർ ഓർഡിനൻസ് ഒപ്പിടാതെ മടക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല . പക്ഷേ ഇത്തരം നീക്കങ്ങളിലൂടെ സർക്കാർ അഴിമതിക്കാർക്ക് ഒപ്പമെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമം.
ലോകയുക്തയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള നിയമോപദേശം എ ജി സർക്കാരിന് നൽകിയത് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച ദിവസം തന്നെയായിരുന്നു. ഇതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും. മറുവശത്ത് സർക്കാരിനായി പ്രതിരോധം തീർത്ത് നിയമമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും രoഗത്തു വന്നു. ദേശീയ തലത്തിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടിന് ഘടക വിരുദ്ധമാണ് ലോകായുക്തയെ ദുർബലപ്പെടുത്തൽ എന്ന വാദം അപ്പോഴും സി.പി.എമ്മിനെ വെട്ടിലാക്കുന്നുണ്ട്.