ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
|ബിൽ സുപ്രീംകോടതിയുടെ നിരവധി വിധികൾക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം,കണ്ടെത്തൽ,വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. ബിൽ സുപ്രീംകോടതിയുടെ നിരവധി വിധികൾക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. "ലോകായുക്തയ്ക്ക് സിവിൽ കോടതിയുടെ അധികാരം ഉണ്ടെന്ന് നിയമം തന്നെ പറയുന്നു. സംസ്ഥാനം നടപ്പാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലാണ് മന്ത്രിയുടേത്. സുപ്രീം കോടതി ഇത് പരിശോധിച്ചിട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. ഇത് ആർട്ടിക്കിൾ 15ന് എതിരാണ്. ജുഡീഷ്യൽ അതോറിറ്റിയുടെ അധികാരം കവരുന്ന സംവിധാനമായി എക്സിക്യൂട്ടീവ് മാറുന്നു".വിഡി സതീശൻ പറഞ്ഞു.
ബിൽ സ്വാഭാവികനീതിക്ക് വിരുദ്ധമാണെന്ന് മുസ് ലീം ലീഗ് നേതാവ് എൻ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും കേസുകളിൽ അവർ തന്നെ ജഡ്ജിയാകുന്ന ഭേദഗതിയാണിതെന്നും ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. നിയമഭേദഗതി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.