ലോകായുക്ത ഭേദഗതി ബില്‍: സിപിഐയുടെ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍
|മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം: ലോകായുക്തയെ ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താനുള്ള സിപിഐയുടെ നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍. ആഭ്യന്തര സബ്ജക്ട് കമ്മിറ്റിയിലാണ് തീരുമാനം.
ഇതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമസഭ തീരുമാനം എടുക്കും. ഇതിന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും. മന്ത്രിമാര്‍ക്കുള്ള പരാതികളില്‍ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.എംഎല്‍എമാര്‍ക്കെതിരെയുള്ള പരാതികളില്‍ സ്പീക്കര്‍ ആവും തീരുമാനമെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ നടപടി തീരുമാനിക്കും.അതേസമയം സബ്ജക്ട് കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം കവര്‍ന്നെടുക്കുകയാണെന്നാണ് വിമശനം. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ സമര്‍പ്പിക്കും.
ഇന്ന് ഉച്ചയോടെയാണ് ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ലോകായുക്ത ജുഡീഷ്യറെ ബോഡിയല്ലെന്നും അന്വേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നുമായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. അന്വേഷണം,കണ്ടെത്തല്‍,വിധി പറയല്‍ എല്ലാം കൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷം ബില്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ചിരുന്നു. ജുഡീഷ്യല്‍ അതോറിറ്റിയുടെ അധികാരം കവരുന്ന സംവിധാനമായി എക്‌സിക്യൂട്ടീവ് കവരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശം.